തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തുകയും നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്ത ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിര വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഭീമ കൊറേഗാവ് കേസില്‍ ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കിടന്ന് മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മറക്കരുതെന്ന ഫേസ്ബുക്ക് പോസ്റ്റാണ് സ്വാമി പങ്കുവെച്ചിരിക്കുന്നത്.
‘അല്ലയോ പുരോഹിതരേ ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ക്യാപ്ഷനില്‍ സ്റ്റാന്‍ സ്വാമിയുടെ ചിത്രമടങ്ങുന്ന പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പുകഴ്ത്തിക്കൊണ്ട് ചില ക്രൈസ്തവ സംഘടന നേതാക്കള്‍ രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മോദി നല്ല നേതാവാണെന്നും ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അഭിപ്രായപ്പെട്ടിരുന്നു.
ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ജോര്‍ജ് ആലഞ്ചേരി പിന്നീട് രംഗത്തെത്തിയിരുന്നു.
ഇതോടൊപ്പം ബി.ജെ.പിയുമായി കേരളത്തിലെ വിവിധ സഭാ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയതിനെയും വിമര്‍ശിച്ചാണ് സ്വാമി സന്ദീപാന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനായി വിപുലമായ പദ്ധതികള്‍ക്കാണ് ബി.ജെ.പി നേതൃത്വം നല്‍കുന്നത്. ഇതിനായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടിയും സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസും ചേര്‍ന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെയും സന്ദര്‍ശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും വി.വി രാജേഷും ചേര്‍ന്ന് ലത്തീന്‍ അതി രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോയെയും, കെ. സുരേന്ദ്രന്‍ താമരശ്ശേരി ബിഷപ്പിനെയുമാണ് സന്ദര്‍ശിച്ചിരിക്കുന്നത്.