വനിതാ മതില്‍ ചരിത്ര സംഭവമാകും: സ്വാമി അഗ്നിവേശ്
Million Women's Wall
വനിതാ മതില്‍ ചരിത്ര സംഭവമാകും: സ്വാമി അഗ്നിവേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th December 2018, 9:25 am

കൊച്ചി: ജനുവരി 1 ന് നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ താനും ഉണ്ടാവുമെന്ന് സ്വാമി അഗ്നിവേശ്. ലോക ചരിത്രത്തില്‍ തന്നെ പുതിയൊരു ഏടാകും വനിതാ മതിലെന്നും സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു പുതിയ ലോകം സൃഷ്ടിക്കാന്‍ നമ്മള്‍ എല്ലാവരും മുന്നോട്ട് വരണമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

ശനിയാഴ്ച കേരളത്തില്‍ നിന്നും മടങ്ങാന്‍ ടിക്കറ്റെടുത്ത താന്‍ വനിതാ മതിലിന്റെ ഭാഗമാവാനാണ് യാത്ര മാറ്റിവെച്ചതെന്നും പുരുഷനായ സ്ത്രീപക്ഷവാദിയാണ് താനെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

മുതലാഖ് നിയമം ലോകസഭയില്‍ പാസാക്കിയതിനെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ ശബരിമല വിധിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. യുവതികള്‍ വന്നാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം വിഡ്ഢിത്തമാണ്. അയ്യപ്പനും ഒരമ്മയുടെ മകനായിരിക്കണം. ആ അമ്മയ്ക്ക് ആര്‍ത്തവം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അയ്യപ്പന്‍ ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ജൈവപരമായ ഒരു പ്രത്യേകത മാത്രമാണ്. സതി നിര്‍ത്തലാക്കിയപ്പോള്‍ അതിനെതിരെ ചില സ്ത്രീകളും തെരുവിലിറങ്ങിയിരുന്നു. സമാനമായതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതന്നെും സ്വാമി അഗ്നിവേശ് പറഞ്ഞു.

പൗരാണിക ഭാരതത്തിലെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും വിഡ്ഡിത്തങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രി മോദി സമൂഹത്തെ പിന്നോട്ട് നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിനെയും കണ്ണടച്ച് പിന്തുടരുന്നതല്ല ബുദ്ധിയുള്ള മനുഷ്യരുടെ ലക്ഷണം. ആര് തെറ്റു പറഞ്ഞാലും അത് ചോദ്യം ചെയ്യപ്പെടണം. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

വായുവും സൂര്യനും വെള്ളവും എല്ലാം ലിംഗ, മത, വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി സൃഷ്ടിക്കപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടനയും എല്ലാവര്‍ക്കും തുല്യത നല്‍കുന്നതാണ്. “വസുദൈവ കുടുംബകം” എന്ന മഹത്തായ സങ്കല്‍പ്പം ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ എഴുതി വെച്ചിട്ടുണ്ട്. അത് പാലിക്കാന്‍ ഭരണഘടന അനുസരിക്കുന്ന ഏതൊരാളും ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശായും സംയുക്തമായി സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി അഗ്നിവേശ്.