കോഴിക്കോട്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സ്വാ ഡയമണ്ട്സ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് കേരളത്തിലെ മലപ്പുറത്തു രൂപകല്‍പ്പന ചെയ്ത വജ്രമോതിരം കരസ്ഥമാക്കിയത്.
24679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച പിങ്ക് ഓയിസ്റ്റര്‍ മഷ്റൂമിന്റെ മാതൃകയിലുള്ള ‘ദി ടച്ച് ഓഫ് ആമി’ എന്ന മോതിരത്തിനാണ് അന്താരാഷ്ട്ര ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന മുന്‍ റെക്കോര്‍ഡ് സ്വ ഡയമണ്ട്‌സ് പഴങ്കഥയാക്കി മാറ്റിയിരിക്കുകയാണ്. സ്വാ ഡയമണ്ട്‌സ് ഉടമയായ കേപ്പ്‌സ്റ്റോണ്‍ കമ്പനിയാണ് ഈ അപൂര്‍വ്വ നേട്ടം ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത്.
‘മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്’ എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ലൈഫ് സ്‌റ്റൈല്‍ ആക്‌സസറി ഡിസൈനില്‍ ബിരുദാനന്തരബിരുദം നേടിയ കോഴിക്കോട് സ്വദേശി റിജിഷ ടി.വിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു.
ഏറ്റവും കൂടുതല്‍ വജ്ര-സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ നാടായിട്ടും കേരളത്തില്‍ വജ്രാഭരണ നിര്‍മ്മാണ ഫാക്ടറികള്‍ കുറവാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബെല്‍ജിയം പോലുള്ള രാജ്യങ്ങള്‍ അടക്കി ഭരിക്കുന്ന വജ്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിക്ക് ലോക റെക്കോര്‍ഡ് നേടാന്‍ സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടമകള്‍ വ്യക്തമാക്കുന്നു.
‘മലയാളിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ വജ്രാഭരണ നിര്‍മ്മാണ കമ്പനിയിലാണ് ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നതെന്നത് അഭിമാനകരമാണ്. അതോടൊപ്പം ‘ദി ടച്ച് ഓഫ് ആമി’ നമ്മുടെ നാടിന്റെ സംരംഭകത്വ വിജയത്തിന്റെ വജ്രത്തിളക്കം കൂടിയാണ്,’ സ്വാ ഡയമണ്ട്സ് എം.ഡി അബ്ദുല്‍ ഗഫൂര്‍ ആനടിയന്‍ പറയുന്നു.
ദക്ഷിണേന്ത്യയിലുടനീളം രണ്ടു പതിറ്റാണ്ടുകളായി സ്വര്‍ണ്ണ-വജ്ര-പ്ലാറ്റിനം ആഭരണ നിര്‍മ്മാണ രംഗത്തുള്ള കേപ്പ്‌സ്റ്റോണ്‍ 2019 ലാണ് സ്വാ ഡയമണ്ട്സ് എന്ന പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് വിപണി പ്രതികൂലമായിട്ടും വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 150ല്‍പരം സ്റ്റോറുകളിലായി സ്വാ ഡയമണ്ട്സിനെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ അംഗീകാരമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
കേരളത്തില്‍ നിന്ന് ആഗോള തലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര നിലവാരവും ഡിസൈനുമുള്ള ഒരു ഉല്‍പ്പന്നം എന്ന ലക്ഷ്യമാണ് സ്വാ ഡയമണ്ട്സിലൂടെ സാധ്യമായിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചു.
മലയാളികള്‍ കേരളത്തിന് പുറത്തുപോയി നിക്ഷേപങ്ങള്‍ നടത്താന്‍ തുടങ്ങുന്ന കാലഘട്ടത്തിലാണ് ലോകത്തിലെ വജ്ര വ്യാപാര വിപണിയിലേക്ക് സ്വാ ഡയമണ്ട്സിലൂടെ ഒരു ‘കേരള ബ്രാന്‍ഡ്’ അവതരിക്കുന്നത്. മുംബൈ, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മാത്രമായി വജ്രാഭരണ നിര്‍മ്മാണ വിപണി വ്യാപിച്ചു കിടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഈ ലോക റെക്കോര്‍ഡ് സംസ്ഥാനത്തെ വജ്രാഭരണ നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlight: Swa Diamonds bags Guinness World Record for most number of diamonds in a ring