റാഞ്ചി: വീട്ടുജോലിക്കാരിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സുനിത എന്ന യുവതിയെ ശാരീരികമായി ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.
യുവതിയുടെ പരാതിയില്‍ പൊലീസ് സീമക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സുനിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സീമയെ ജാര്‍ഖണ്ഡ് പൊലീസ് ബുധനാഴ്ച റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
”ഇന്ന് രാവിലെ അശോക് നഗറിലെ അവരുടെ സ്വകാര്യ വസതിയില്‍ വെച്ച് സീമ പത്രയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു,” റാഞ്ചി എസ്.എസ്.പി കൗശല്‍ കിഷോര്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ സീമ പത്രയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡില്‍ റിമാന്‍ഡില്‍ വിട്ടു.
ഓഗസ്റ്റ് 22നായിരുന്നു സീമക്കെതിരായ പരാതിയില്‍ കേസെടുത്തത്.
കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സീമ പത്രയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
#WATCH | Ranchi, Jharkhand: “These are false allegations, politically motivated allegations. I have been implicated,” says suspended BJP leader and wife of an ex-IAS officer, Seema Patra who has been accused of torturing her domestic help.
സീമ പത്രയില്‍ നിന്നും ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരിയായ സുനിത പറയുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് സീമ പത്രയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നതും സസ്‌പെന്‍ഷനിലേക്ക് നയിച്ചതും. ജാര്‍ഖണ്ഡിലെ ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശായിരുന്നു സീമ പത്രയെ സസ്പെന്‍ഡ് ചെയ്തത്.
സുനിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് വീഡിയോയിലുള്ളത്. പല്ലുകള്‍ നഷ്ടപ്പെട്ട നിലയിലും, എഴുന്നേറ്റു ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് ഇവര്‍. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
29 വയസ്സുള്ള സുനിത കഴിഞ്ഞ 10 വര്‍ഷമായി സീമയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു. ആറ് വര്‍ഷമായി നിരവധി തവണ ഉപദ്രവിക്കപ്പെട്ടെന്നും സുനിത പറയുന്നു.
ചൂടുള്ള തവിയും വടിയും ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തിനിടെ തന്റെ പല്ലുകള്‍ പൊട്ടിപ്പോയി. തറയില്‍ നിന്ന് മൂത്രം നക്കാന്‍ നിര്‍ബന്ധിച്ചെന്നും സുനിത ആരോപിച്ചു. സുനിതയെ നാവ് കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചു എന്ന പരാതിയുമുണ്ട്.