ഐ.എസ്.എല്‍ സൂപ്പര്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കോഴിക്കോട്ടേക്ക് കൂടി വ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സി.ഇ.ഒ അഭിക് ചാറ്റര്‍ജി. ആരാധകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ നീക്കം.
എന്നാല്‍ ഈ നീക്കത്തിന് പ്രായോഗിക തടസ്സം ഏറെയുണ്ടെന്നും ടീമിനെ കുറിച്ച് പഠിച്ച ശേഷമേ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കളിക്കാരുടെ മനോഭാവം മാറ്റാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുമെന്നും ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, അടുത്ത സീസണിലെ കുറച്ച് മത്സരങ്ങൾ കോഴിക്കോട് കൂടി നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അതിനെ കുറിച്ച് ലീഗുമായി സംസാരിച്ചിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പി.ആർ.ഒ ഡൂൾ ന്യൂസിനോട് പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കൊച്ചിക്ക് പുറമെ കോഴിക്കോട് കൂടി നടത്താൻ പദ്ധതികളുണ്ട്. അതിനെ കുറിച്ച് ലീഗുമായി സംസാരിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല,’ പി.ആർ.ഒ പറഞ്ഞു.
എന്നാൽ, നാളുകള്‍ക്ക് മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക് വരുന്നതിനെ കുറിച്ചുള്ള ചില സൂചനകള്‍ ചാറ്റര്‍ജി നല്‍കിയിരുന്നു. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിന് പിന്നാലെയാണ് അഭിക് ചാറ്റര്‍ജി ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
ടൂര്‍ണമെന്റില്‍ കോഴിക്കോടിന്റെ സ്വന്തം ടീമായ കാലിക്കറ്റ് എഫ്.സിയാണ് കിരീടം ചൂടിയത്. ഫോഴ്‌സാ കൊച്ചിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കോഴിക്കോടിന്റെ കാല്‍പ്പന്തുകളിക്കാര്‍ കപ്പുയര്‍ത്തിയത്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ കലാശപ്പോരാട്ടം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കുറഞ്ഞ ആരാധകരുടെ പ്രാതിനിധ്യം കാരണം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് 35,000ലധികം ആരാധകരാണ് മത്സരം കാണാനെത്തിയത്. കോഴിക്കോടിന്റെ ഫുട്‌ബോള്‍ സംസ്‌കാരം വിളിച്ചോതുന്നതായിരുന്നു ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകർ.
ഇത്രയധികം കാണികള്‍ക്ക് മുമ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ നടത്തിയാല്‍ എങ്ങനെയിരിക്കും എന്ന ആലോചനയാണ് അഭിക്ക് ചാറ്റര്‍ജി പങ്കുവെച്ചത്.
ഐ.എസ്.എല്ലിലെ ചില മത്സരങ്ങള്‍ കോഴിക്കോട് വെച്ച് നടത്താന്‍ സാധിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ചാറ്റര്‍ജി ഇക്കാര്യം പറഞ്ഞത്.
”എന്തുകൊണ്ട് സാധിക്കില്ല! എല്ലാം ശരിയായാല്‍, അടുത്ത സീസണില്‍ ചില ഐ.എസ്.എല്‍ മത്സരങ്ങള്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിഞ്ഞേക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മറുപടിയും നിലവിലെ സംഭവവികാസങ്ങളും വിരല്‍ചൂണ്ടുന്നത് ഇ.എം.എസ് സ്റ്റേഡിയം മഞ്ഞക്കടലാകുന്ന നിമിഷത്തിലേക്ക് തന്നെയാണ്.
Content Highlight: Kerala Blasters CEO Abhik Chatterjee says that shifting the headquarters to Kozhikode is under consideration.