national news
മധ്യപ്രദേശില്‍ ഒരു സംഘം ആളുകള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചെത്തി പൂജാരിയെ മര്‍ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 13, 03:06 am
Sunday, 13th April 2025, 8:36 am

ജയ്പൂര്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ പൂജാരിയെ ക്രൂരമായി മര്‍ദിച്ചു. ദേവാസ് നഗരത്തിലെ മാതാ തേക്രി ക്ഷേത്രത്തിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി പത്തോളം ആളുകള്‍ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് എത്തുകയായിരുന്നു.

സംഘത്തെ തടയാന്‍ ശ്രമിച്ചതോടെ പൂജാരിയെ അക്രമികള്‍ മര്‍ദിച്ചു. എട്ടിലധികം കാറുകളിലായാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കോട്‌വാലി സ്റ്റേഷനില്‍ പൂജാരി പരാതിപ്പെട്ടു.

അക്രമികള്‍ പൂജാരിയോട് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തെ അക്രമികള്‍ മര്‍ദിച്ചതായും സിറ്റി പൊലീസ് സൂപ്രണ്ട് ദിനേശ് അഗര്‍വാള്‍ പറഞ്ഞു.

പൂജാരിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതായും 50ഓളം ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ പൂജാരിയെ ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്നും സംഘത്തില്‍ ഒരു ബി.ജെ.പി എം.എല്‍.എയുടെ മകനുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി എം.എല്‍.എ മകനെ നിലയ്ക്ക് നിര്‍ത്തണമെന്ന് എം.എല്‍.എയുടെ പേര് ഉദ്ധരിക്കാതെ ദേവാസ് സിറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ മനോജ് രജനി പറഞ്ഞു.

നിലവില്‍ പൂജാരി ആക്രമിക്കപ്പെടുന്നതിന്റെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനെ മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ‘അക്രമികളില്‍ ബി.ജെ.പി എം.എല്‍.എയുടെ മകനും ഉണ്ടോ’ എന്ന ചോദ്യത്തിന് കേസ് അന്വേഷിക്കുകയാണെന്നാണ് പൊലീസ് മറുപടി നല്‍കിയത്.

Content Highlight: A group of people broke into a temple in Madhya Pradesh and beat up a priest