ന്യൂദല്‍ഹി: ഉത്തേജക വിവാദത്തില്‍ ഗുസ്തി താരം നര്‍സിങ് യാദവിന് ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)യുടെ അനുകൂല വിധി വന്നതിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. നര്‍സിങ് കുറ്റവിമുക്തനായതില്‍ സന്തോഷമുണ്ടെന്നും തന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടെന്നും സുശീല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
തനിക്കും രാജ്യത്തിനും വേണ്ടി ജയിച്ച് വരണമെന്നും സുശീല്‍ പറഞ്ഞു. റിയോ ഒളിമ്പിക്‌സിന് സുശീലിനെ പിന്തള്ളിയാണ് നര്‍സിങ് യാദവ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് പ്രകടനമാണ് യാദവിന് യോഗ്യത നേടിക്കൊടുത്തത്. യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാതിരുന്നത് സുശീലിന് തിരിച്ചടിയാകുകയായിരുന്നു. പരിക്ക് കാരണമാണ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് സുശീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തനിക്കും യാദവിനും ഇടയില്‍ ട്രയല്‍സ് നടത്തി മത്സരാര്‍ഥിയെ കണ്ടെത്തണമെന്ന ആവശ്യവുമായി സുശീല്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കായികമന്ത്രാലയം നര്‍സിങിന് യോഗ്യത നല്‍കുകയായിരുന്നു.
എന്നാല്‍ ഒളിമ്പിക്‌സിന് ഒരു മാസത്തില്‍ താഴെ ബാക്കി നില്‍ക്കുമ്പോഴാണ് നിരോധിത മരുന്ന് മെറ്റഡിയനോണ്‍ ഉപയോഗിച്ചതായി നര്‍സിങ് യാദവ് പരിശോധനയില്‍ പിടിക്കപ്പെട്ടത്. എന്നാല്‍, മരുന്നിനെ കുറിച്ച് താന്‍ മുമ്പ് കേട്ടിട്ടില്ലെന്നും ഒളിമ്പിക്‌സ് സാധ്യതകള്‍ ഇല്ലാതാക്കുന്ന ഒരു കാര്യത്തിന് താനെന്തിന് മുതിരണമെന്നും ചോദ്യം ചെയ്യലിനിടെ നര്‍സിങ് പറഞ്ഞു. നര്‍സിങിന്റെ ഭാഗത്ത് പിഴവൊന്നുമില്ലെന്നും മറ്റൊരു അത്‌ലറ്റിന്റെ വിധ്വംസക പ്രവൃത്തിയുടെ ഇരയാണ് അദ്ദേഹമെന്നും നാഡയുടെ അച്ചടക്ക സമിതിയും വ്യക്തമാക്കിയതോടെ നര്‍സിങിന് റിയോയിലേക്കുള്ള വഴി തെളിയുകയായിരുന്നു.