ഓരോ കളിക്കാരനും മൂന്ന് ലക്ഷ്യങ്ങളുണ്ട്, ഇപ്പോള്‍ ആ സ്വപ്‌നവും യാഥാര്‍ത്ഥ്യമായി: സൂര്യകുമാര്‍ യാദവ്
Sports News
ഓരോ കളിക്കാരനും മൂന്ന് ലക്ഷ്യങ്ങളുണ്ട്, ഇപ്പോള്‍ ആ സ്വപ്‌നവും യാഥാര്‍ത്ഥ്യമായി: സൂര്യകുമാര്‍ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 8:43 am

ഇന്ത്യ – ശ്രീലങ്ക പരമ്പര ഇന്ന് തുടങ്ങുകയാണ്. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 7 വരെയാണ് പരമ്പര. പര്യടനത്തില്‍ ആദ്യം നടക്കുന്ന മൂന്ന് ടി-20 മത്സരങ്ങള്‍ ജൂലൈ 27, 28, 30 എന്നീ തീയതികളിലാണ്. ശ്രീലങ്കയിലെ പല്ലേക്കേലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയാണിത്.

പരമ്പരയില്‍ ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിമന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ഇന്ത്യയുടെ സ്‌കൈ എന്ന് വിളിപ്പേരുള്ള സൂര്യകുമാര്‍ യാദവിനെയാണ്. മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ താരം ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും താരം ഒരുപാട് പഠിച്ചിട്ടുണ്ട് എന്നും അദ്ദേഹം ഒരിക്കലും ഒരു ക്യാപ്റ്റനെ പോലെയല്ല സംസാരിച്ചതെന്നും സൂര്യ പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരുന്ന ഓരോ താരത്തിന്റെയും 3 ലക്ഷ്യങ്ങളും സൂര്യ പങ്കുവെച്ചു.

‘രോഹിത് ശര്‍മ മികച്ച ലീഡറാണ്, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ക്യാപ്റ്റനെ പോലെ ഒരിക്കലും ബിഹേവ് ചെയ്തിട്ടില്ല. രോഹിത് ഒരു ഗ്രൂപ്പിന്റെ ക്യാപ്റ്റന്‍ ആയിരുന്നു, ടി-20യില്‍ എങ്ങനെ കളിക്കണമെന്നും വിജയിക്കണമെന്നും അദ്ദേഹം കാണിച്ചു തന്നു.

എല്ലാ താരങ്ങള്‍ക്കും ഇന്ത്യക്കുവേണ്ടി കളിക്കുക എന്നതാണ് ആദ്യ ലക്ഷ്യം, അടുത്ത ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിക്കുക എന്നതാണ്, പിന്നീടാണ് ക്യാപ്റ്റന്‍സി. ഇപ്പോള്‍ ആ സ്വപ്നവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്,’ സൂര്യ പ്രസ് മീറ്റില്‍ പറഞ്ഞു.

പരമ്പരയിലെ മൂന്ന് ഏകദിനങ്ങള്‍ ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ്. അതേസമയം ഇന്ത്യയുടെ ടി-20 ടീമില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഇടം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ താരത്തെ ബി.സി.സി.ഐ വീണ്ടും തഴയുന്നതാണ് കാണുന്നത്.

 

Content Highlight: Suryakumar Yadav Talking About Captaincy