Sports News
അവന്‍ ഒരു സിക്‌സറടിക്കും മുമ്പേ വേണം, എങ്കില്‍ മാത്രമേ അതിന് സാധിക്കൂ; അഞ്ചടിച്ച് അഞ്ചാമനാകാന്‍ സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 27, 02:29 am
Monday, 27th January 2025, 7:59 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിന് കളമൊരുങ്ങുകയാണ്. ജനുവരി 28ന് നടക്കുന്ന മത്സരത്തിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്. സൗരാഷ്ട്രയില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഒരു തകര്‍പ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സറെന്ന ചരിത്ര നേട്ടമാണ് സൂര്യകുമാറിന് മുമ്പിലുള്ളത്. ഇതിനായി വേണ്ടതാകട്ടെ വെറും അഞ്ച് സിക്‌സറും.

 

76 ഇന്നിങ്‌സില്‍ നിന്നും 145 സിക്‌സറുകളാണ് സൂര്യകുമാറിന്റെ പേരിലുള്ളത്. വരും മത്സരങ്ങളില്‍ അഞ്ച് സിക്‌സറടിച്ചാല്‍ 150 സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി ഇടം നേടാനും സൂര്യയ്ക്ക് സാധിക്കും.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (205), കിവീസ് ലെജന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടില്‍ (173), യു.എ.ഇ സൂപ്പര്‍ താരം മുഹമ്മദ് വസീം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (151) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് 150 ടി-20ഐ സിക്സറുകള്‍ പൂര്‍ത്തിയാക്കിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ബട്‌ലര്‍ ഈ പട്ടികയില്‍ ഇടം നേടിയത്.

ഈ പരമ്പരയ്ക്ക് മുമ്പ് 146 സിക്സറുകളാണ് ബട്ലറിന്റെ പേരിലുണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ രണ്ട് സിക്സറടിച്ച ബട്‌ലര്‍ ചെപ്പോക്കില്‍ രണ്ടാം സിക്സറും പറത്തിയതോടെ 150 അന്താരാഷ്ട്ര ടി-20 സിക്സറുകളും പൂര്‍ത്തിയാക്കി.

150 സിക്‌സറെന്ന ചരിത്ര റെക്കോഡിലേക്ക് സൂര്യയും ബട്‌ലറും ഒന്നിച്ചാണ് മത്സരിച്ചിരുന്നത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 145 സിക്സറുകളാണ് സൂര്യയുടെ പേരിലുണ്ടായിരുന്നത്. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബട്‌ലര്‍ തന്റെ സിക്സര്‍ നേട്ടം 151 ആയി ഉയര്‍ത്തിയപ്പോള്‍ സ്‌കൈ ഇപ്പോഴും 145ല്‍ തുടരുകയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 1451 – 205

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 173

മുഹമ്മദ് വസീം – യു.എ.ഇ – 69 – 158

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 120 – 151*

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 97 – 149

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 76 – 145

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്ട്രേലിയ – 106 – 137

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 114 – 130

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ടി-20 സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സ്‌കൈ. 149 സിക്‌സറുമായി സൂപ്പര്‍ താരം നിക്കോളാസ് പൂരനാണ് നിലവില്‍ അഞ്ചാം സ്ഥാനത്തുള്ളത്.

ഒറ്റ സിക്‌സര്‍ കൂടി നേടിയാല്‍ പൂരന് അഞ്ചാമനായി ഈ നേട്ടത്തില്‍ ഇടം നേടാം. എന്നാല്‍ താരത്തിന് നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളൊന്നുമില്ല. ഇതുകൊണ്ടുതന്നെ സൂര്യയുടെ സാധ്യതകളും വലുതാണ്.

 

Content Highlight: Suryakumar Yadav need 5 sixes to complete 150 T20I sixes