national news
പകുതിയിലധികം ഇന്ത്യക്കാര്‍ക്കും ചികിത്സാസഹായം ലഭിക്കുന്നില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 13, 04:49 am
Tuesday, 13th August 2024, 10:19 am

ന്യൂദല്‍ഹി: ഇന്ത്യക്കാരില്‍ 53 ശതമാനം പേരും ചികിത്സാചെലുകള്‍ക്കായി സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കേണ്ടി വരുന്നവരാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം ദരിദ്രരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ 25 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ചികിത്സക്ക് വേണ്ടി സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അര്‍ഥ ഗ്ലോബല്‍ ഏജന്‍സി എന്ന എന്‍.ജി.ഓ നടത്തിയ സര്‍വെ ഉദ്ധരിച്ച് ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 421 ലോക്‌സഭാ മണ്ഡലങ്ങളിലെ 6755 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. കയ്യില്‍ നിന്ന് പണമെടുത്ത് ചികിത്സ നടത്തേണ്ടി വരുന്നവരില്‍ 60 ശതമാനം പേരും സ്വന്തമായി വാഹനമില്ലാത്തവരാണ്. 29 ശതമാനം പേര്‍ക്കാണ് സര്‍ക്കാരില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നത്.

പത്ത് ശതമാനം പേര്‍ക്ക് സ്വകാര്യ ഇന്‍ഷുറന്‍സുണ്ട്. കമ്പനി വക പരിരക്ഷ ലഭിക്കുന്നവര്‍ ഒമ്പത് ശതമാനമാണ്. രാജ്യത്തെ പത്തു കോടിയോളം പേര്‍ ചികിത്സക്ക് പണം ചെലവിടുന്നതിലൂടെ ദരിദ്രരായി മാറുന്നുണ്ടെന്ന് 2019-2020ലെ നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതോടൊപ്പം ഇന്ത്യയിലെ ആരോഗ്യമേഖലയെ പിന്നോട്ട് വലിക്കുന്നത് സ്വയം പ്രഖ്യാപിത രോഗശാന്തിക്കാരും ആത്മീയതയിലൂടെ രോഗം ചികിത്സിക്കുന്നവരുമാണെന്ന് ദ ഹിന്ദു കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ എല്ലാ വന്‍ നഗരങ്ങളിലും പല കോണുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ കാണാന്‍ കഴിയുമെന്നും ആര്‍ട്ടിക്കിളില്‍ പറയുന്നുണ്ട്.

ഫീസിന് പുറെ മദ്യവും സിഗരറ്റും പ്രസാദമായി സ്വീകരിക്കുന്ന ഇത്തരം ചികിത്സകര്‍ക്ക് നേരെ അധികാരികള്‍ പലപ്പോഴും കണ്ണടക്കാറാണ് പതിവെന്നും ആര്‍ട്ടിക്കിളില്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: Survey report saying that 53 percent of Indians not getting medical aid by government