തമിഴിലെ മുന്‍കാല നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യക്ക് വലിയൊരു ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമായിരുന്നു നന്ദ. ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു.
പിന്നീട് വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിരയിലേക്ക് നടന്നുകയറുന്ന സൂര്യയെയാണ് കാണാന്‍ സാധിച്ചത്. 2007-2010 കാലഘട്ടത്തില്‍ രജിനികാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും വിലയ ഹിറ്റുകള്‍ സമ്മാനിച്ചത് സൂര്യയായിരുന്നു. കൊമേഴ്‌സ്യല്‍ വാല്യുവുള്ള സിനിമകളും കണ്ടന്റിന് പ്രാധാന്യമുള്ള സിനിമകളും ഒരുപോലെ കൊണ്ടുപോകാന്‍ സൂര്യക്ക് സാധിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ പഴയതുപോലെ ശോഭിക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. എന്നാലും തന്റെ അഭിനയത്തിന് യാതൊരു മങ്ങളും വന്നിട്ടില്ലെന്ന് പലപ്പോഴായി സൂര്യ തെളിയിച്ചു. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രടകനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തന്റെ പേരിലാക്കാന്‍ സൂര്യക്ക് സാധിച്ചു.
രജിനികാന്തുമായി ഒരു ഫ്‌ളൈറ്റ് യാത്രക്കിടെ നടന്ന സംഭാഷണം പങ്കുവെക്കുകയാണ് സൂര്യ. താന്‍ ഒരു നല്ല സ്റ്റാറാണെന്നും അതോടൊപ്പം നല്ലൊരു നടനാണെന്നും രിജിനകാന്ത് പറഞ്ഞെന്നും അത് രണ്ടും ബാലന്‍സ് ചെയ്തുകൊണ്ട് മുന്നോട്ട് പോകണമെന്നുമാണ് രജിനികാന്ത് ഉപദേശിച്ചതെന്ന് സൂര്യ പറഞ്ഞു.
ആ ഉപദേശമാണ് താന്‍ ഇന്നും ഫോളോ ചെയ്യുന്നതെന്നും സിങ്കം പോലൊരു മാസ് സിനിമയും ജയ് ഭീം പോലൊരു കണ്ടന്റ് ഓറിയന്റഡ് സിനിമയും ചെയ്യാന്‍ കാരണം അതാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. പിങ്ക് വില്ലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരിക്കല്‍ ഒരു ഫ്‌ളൈറ്റ് യാത്രക്കിടെ രജിനി സാറിനെ കാണാന്‍ സാധിച്ചു. ആ യാത്ര അവസാനിക്കുന്നതുവരെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു, അന്ന് രജിനി സാര്‍ എന്നോട് ഒരു കാര്യം പറഞ്ഞു. ‘നീ നല്ലൊരു ഹീറോയാണ്. അതുപോലെ നല്ലൊരു നടനുമാണ്. ഇത് രണ്ടും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ട് പോവുകയാണ് വേണ്ടത്. വെറുതേ ആക്ഷന്‍ സിനിമകള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കരുത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
രജിനി സാറിന്റെ ആ ഉപദേശമാണ് ഞാന്‍ ഇന്നും ഫോളോ ചെയ്തുകൊണ്ടിരിക്കുന്നത്. അതിപ്പോഴും എന്റെ മനസില്‍ കിടക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്ക് സിങ്കം പോലൊരു മാസ് സിനിമ ചെയ്യാനും അതോടൊപ്പം ജയ് ഭീം പോലൊരു കണ്ടന്റ് ഓറിയന്റഡ് സിനിമ ചെയ്യാനും സാധിക്കുന്നത്. ആരാധകരുടെ പിന്തുണയും എനിക്ക് ഇത്തരം സിനിമകള്‍ ചെയ്യാന്‍ ധൈര്യം തരുന്നുണ്ട്,’ സൂര്യ പറയുന്നു.
Content Highlight: Suriya shares the advice he got from Rajnikanth