പൂരം പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ല, മുഖ്യമന്ത്രിക്ക് നന്ദി; ബി.ജെ.പി വാദം പൊളിച്ച് തിരുവമ്പാടി ദേവസ്വം
Kerala News
പൂരം പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ല, മുഖ്യമന്ത്രിക്ക് നന്ദി; ബി.ജെ.പി വാദം പൊളിച്ച് തിരുവമ്പാടി ദേവസ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 11:32 am

തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിച്ചത് സുരേഷ് ഗോപിയാണെന്ന ബി.ജെ.പി വാദം പൊളിച്ച് തിരുവമ്പാടി ദേവസ്വം. പൂരം പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പി.എ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഇങ്ങോട്ട് വിളിച്ച് സുരേഷ് ഗോപിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് പറഞ്ഞു. തെറ്റായ വിവരങ്ങളാണ് സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പൂരം പ്രതിസന്ധി പരിഹരിക്കാന്‍ തന്നെ തിരുവമ്പാടി ദേവസ്വത്തില്‍ നിന്നും വിളിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ശാരീരികാസ്വസ്ഥ്യമുണ്ടായിട്ടും അത് വകവെക്കാതെ സേവാഭാരതിയുടെ ആംബുലന്‍സില്‍ താന്‍ അവിടേക്കെത്തിയത് എന്നുമായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് ദേവസ്വം സെക്ട്രട്ടറിയുടെ വാക്കുകള്‍.

‘സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചില്ല. സുരേഷ് ഗോപിയുടെ പി.എ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഇങ്ങോട്ട് വിളിച്ച് സുരേഷ് ഗോപിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. അതിനെ അദ്ദേഹം വേറൊരു അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നു. അത് പാടില്ലായിരുന്നു. പൂരം രാഷ്ട്രീയവത്കരിക്കാന്‍ ആരും ശ്രമിക്കരുത്’ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗീരീഷ് പറഞ്ഞു.

പൂരം പ്രതിസന്ധിക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി പറഞ്ഞു. പൂരത്തിനിടെ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം പരിഹാരമുണ്ടാക്കി. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നടപടിയെടുത്തു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പൂരത്തിന്റെ കാര്യത്തില്‍ ജാഗ്രതയോടെ ഇടപെട്ട മുഖ്യമന്ത്രിക്കും മന്ത്രി കെ.രാജനും നന്ദി പറയുകയാണെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി പറഞ്ഞു.

content highlights: Suresh Gopi not called to solve Pooram crisis, thanks CM; Tiruvambadi Devaswom refutes BJP’s argument