ഇതുവരെ എം.പി ഓഫീസ്‌ തുറക്കാതെ സുരേഷ് ഗോപി; സേവനം കിട്ടാതെ വലഞ്ഞ് ജനങ്ങൾ
Kerala News
ഇതുവരെ എം.പി ഓഫീസ്‌ തുറക്കാതെ സുരേഷ് ഗോപി; സേവനം കിട്ടാതെ വലഞ്ഞ് ജനങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2024, 8:56 am

തൃശ്ശൂർ: വിജയിച്ച് മൂന്ന് മാസമാകുമ്പോഴും എം.പിയുടെ ഓഫീസ്‌ തുറക്കാതെ സുരേഷ് ഗോപി. കേന്ദ്ര മന്ത്രി ആയതിനാൽ എപ്പോഴും മണ്ഡലത്തിൽ വരാൻ സാധിക്കില്ലെന്നാണ് വാദം. എം.പിയോട് പറയാൻ ഉള്ളത് ബി.ജെ.പി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞാൽ മതിയെന്നാണ് എം.പിയുടെ നിലപാട്.

 

അതെ സമയം തങ്ങൾക്ക് ഇങ്ങനെ ഒരു എം.പി ഇല്ലെന്ന നിലയിലാണ് ബി.ജെ.പി നേതൃത്വം പെരുമാറുന്നത്. തുടർന്ന് ബി.ജെ.പി നേതൃത്വവും സുരേഷ് ഗോപിയും തമ്മിലുള്ള പോരിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ.

സുരേഷ്‌ഗോപി സ്ഥാനാർത്ഥിയായത് മുതൽ തുടങ്ങിയ ജില്ലാ നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ പ്രതി ദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എം.പി ഓഫീസ്‌ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ പരാതികളും അപേക്ഷകളും നൽകാൻ ഇടമില്ലാതിരിക്കുകയാണ്.

വല്ലപ്പോഴും പരിപാടികളിൽ വരുമ്പോൾ മാത്രമാണ് പരാതികളും നിവേദനങ്ങളും നല്കാൻ കഴിയുന്നതെന്ന് ജനങ്ങൾ പരാതിപ്പെട്ടു. എന്നാൽ വിരലിലെണ്ണാവുന്ന പരിപാടികളിൽ മാത്രമാണ് എം.പി മണ്ഡലത്തിൽ എത്തിയിട്ടുള്ളത്. ജൂലൈ മാസം ആദ്യം തൃശ്ശൂർ മണ്ഡലത്തിന് കീഴിലുള്ള ഭൂരിപക്ഷം പ്രദേശങ്ങളും മഴക്കെടുതിയിൽ ബുദ്ധിമുട്ടിയപ്പോൾ പോലും എം.പി അങ്ങോട്ടെത്തിയില്ലെന്ന വിമർശനവും സുരേഷ് ഗോപിക്കെതിരെ ഉയരുന്നുണ്ട്.

കൂടാതെ ഓഗസ്റ്റ് 15 ണ് നഗരത്തിലെ ഹയാത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന എം.പി തേക്കിൻ കാട് മൈതാനത്ത് നടന്ന സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജന പ്രതിനിധിക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിനിധികളെ അയക്കും എന്നാൽ സുപ്രധാന യോഗങ്ങളിൽ പകരം ഒരു പ്രതിനിധിയെ പോലും സുരേഷ് ഗോപി അയച്ചില്ലെന്ന വിമർശനവും രൂക്ഷമാണ്.

 

Content Highlight: Suresh Gopi has not yet opened the MP office; People are suffering from not getting service