മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ സുരഭിക്ക് കഴിഞ്ഞു.
സിനിമയിലും സീരിയലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തന്റെ പ്രായത്തിനേക്കാള്‍ പക്വതയുള്ള വേഷങ്ങളാണ് സുരഭി കൂടുതലായും ചെയ്തിട്ടുള്ളത്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയത് സുരഭിയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം
മലയാളികള്‍ക്കിടയിലും സിനിമയിലും എന്താണ് സുരഭി ലക്ഷ്മിയുടെ ഇമേജ് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരഭി ലക്ഷ്മി. അത്തരത്തില്‍ ഒരു ഇമേജ് അഭിനേതാക്കള്‍ക്ക് സിനിമയില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും താന്‍ അതിനാണ് കഷ്ടപ്പെടുന്നതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. തനിക്ക് ന്യൂട്രല്‍ ഗിയര്‍ ഇടനാണ് ഇഷ്ടമെന്നും അതാകുമ്പോള്‍ എങ്ങോട്ടു വേണമെങ്കിലും ഗിയര്‍ മാറ്റി പോകാമല്ലോയെന്നും സുരഭി പറയുന്നു.
‘സിനിമയില്‍ ഒരു ഇമേജ് ഇല്ലാതിരിക്കുക എന്നുള്ളതാണ് ഒരു അഭിനേതാവിന് ഏറ്റവും നല്ലത്. അപ്പോള്‍ അതില്ലാതിരിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ എല്ലാ കാലത്തും കഷ്ടപ്പെടുന്നത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അതാണ് എനിക്ക് കുറച്ചു കൂടെ ഇഷ്ടം. ന്യൂട്രലില്‍ ഗിയര്‍ ഇടാനാണ് എനിക്ക് ഇഷ്ടം. അവിടുന്ന് എങ്ങോട്ട് വേണമെങ്കിലും ഗിയറിട്ട് നമുക്ക് വണ്ടിയെടുത്ത് പോകാം,’ സുരഭി ലക്ഷ്മി പറയുന്നു.