Entertainment news
എന്നെ കണ്ട് പ്രണബ് മുഖര്‍ജി ചോദിച്ചത് ബംഗാളി നടിയാണോ എന്നാണ്, അതിനൊരു കാരണവുമുണ്ട്: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 09, 10:40 am
Monday, 9th January 2023, 4:10 pm

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കാന്‍ പോയതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി സുരഭി ലക്ഷ്മി. പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ തലേ ദിവസം ഇതിനായി പ്രത്യേകം റിഹേഴ്‌സലുണ്ടായിരുന്നുവെന്നും അതിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്നും സുരഭി പറഞ്ഞു.

അമൃത ടി.വിയിലെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിക്കിടെയായിരുന്നു സുരഭി ഇക്കാര്യം പറഞ്ഞത്.

‘അവിടെ ചെന്നപ്പോള്‍ നമുക്ക് ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത് തലേന്നത്തെ റിഹേഴ്‌സലാണ്. നാളെ അത് വാങ്ങാന്‍ പോകുമ്പോള്‍ ഓരോരുത്തര്‍ക്കും അവരുടെ പേരെഴുതിയ സീറ്റുണ്ടാവും. അവിടെ ചെന്നിരിക്കുമ്പോള്‍ നമ്മള്‍ മുഴുവനായും സന്തോഷം കൊണ്ട് നിറഞ്ഞിട്ടുള്ള ഒരു അവസ്ഥയായിരിക്കും. മറ്റൊന്നും മനസില്‍ ഉണ്ടാവില്ല.

അവര്‍ അതേ പോലെ തന്നെ എല്ലാം റിഹേഴ്‌സല്‍ ചെയ്യും. പ്രസിഡന്റ്, അവരുടെ കൂടെ വരുന്ന ആളുകള്‍ അവരുടെയൊക്കെ ഡ്യൂപ്പുകള്‍ ഉണ്ടാകും. എല്ലാവരും വരുന്നു, വേദിയില്‍ നിരന്നു നില്‍ക്കുന്നു. അതിന് ശേഷം നമ്മള്‍ വണ്‍ ബൈ വണ്ണായി എങ്ങനെ വാങ്ങിക്കണം, എങ്ങനെ നില്‍ക്കണം, എവിടെ നോക്കണം എന്നൊക്കെ പറഞ്ഞു തരാറുണ്ട്.

എങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യണം, അനാവശ്യമായി കാല്‍ തൊട്ടു വണങ്ങരുത്, ഷേക്ക് ഹാന്‍ഡ് ചെയ്യരുത് എന്നൊക്കെ പറഞ്ഞു തന്നു,’ സുരഭി പറയുന്നു.

പിറ്റേന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ദിവസമാണ്, താന്‍ മാലയോ കമ്മലോ ഒന്നും എടുത്തിട്ടില്ല എന്നും പിന്നീട് മറ്റൊരാളുടെ ആഭരണങ്ങള്‍ ധരിക്കുകയായിരുന്നു എന്നും സുരഭി പറഞ്ഞു.

‘നമ്മള്‍ ഒരുപാട് എക്‌സൈറ്റഡായി ഇരിക്കുകയല്ലേ. പിറ്റേന്നാണ് അറിയുന്നത് ഞാന്‍ മാല എടുത്തിട്ടില്ല, കമ്മല്‍ എടുത്തിട്ടില്ല എന്ന്. അപ്പോള്‍ ഉണ്ണി മേക്ക് അപ്പിന് വന്നു. ഞാന്‍ ഉണ്ണിയോട് പറഞ്ഞു, ഉണ്ണീ ഞാന്‍ സാരിയൊക്കെ കൊണ്ടുവന്നിട്ടുണ്ട്, ഓര്‍ണമെന്റ്‌സ് ഒന്നും എടുത്തിട്ടില്ല എന്ന്.

 

ആ സമയത്ത് ഉണ്ണിയുടെ കയ്യില്‍ എക്‌സ്ട്രാ ഉണ്ടായിരുന്ന കമ്മലും ഒരു കാശിമാലയും ഇട്ട് തിരുവാതിര കളിക്ക് പോകുന്ന ഒരു ലുക്കിലാണ് അവാര്‍ഡ് വാങ്ങാന്‍ പോവുന്നത്.

ഇതു കണ്ട് പ്രണബ് മുഖര്‍ജി സര്‍ എന്നോട് ചോദിച്ചു ബംഗാളില്‍ നിന്നാണോ, ബംഗാള്‍ ആക്ട്രസ്സാണോ എന്ന്. ഞാന്‍ പറഞ്ഞു ബംഗാള്‍ അല്ല മലയാളി ആണെന്ന്. ഇത് ചോദിക്കാന്‍ കാരണം അവരുടെ ട്രഡീഷണല്‍ ഡ്രസും നമ്മുടെ ഡ്രസും തമ്മില്‍ ചെറിയ സിമിലാരിറ്റി ഉണ്ട് എന്ന് തോന്നുന്നു,’ സുരഭി പറഞ്ഞു.

 

Content highlight: Surabhi Lakshmi on her experience when she went to collect the National Award