ഇതിന് നിങ്ങള്‍ക്കെന്താണ് അധികാരം; കമല്‍നാഥിനെ താരപ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Madhya Pradesh Bypoll 2020
ഇതിന് നിങ്ങള്‍ക്കെന്താണ് അധികാരം; കമല്‍നാഥിനെ താരപ്രചാരക പട്ടികയില്‍ നിന്ന് ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 5:05 pm

ന്യൂദല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ ഉപതെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ‘താര പ്രചാരക’ പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്ത നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.

പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിരീക്ഷിച്ചു.

‘താര പ്രചാരക പട്ടികയില്‍ നിന്നുമൊരാളെ നീക്കംചെയ്യാന്‍ നിങ്ങള്‍ക്ക് (തെരഞ്ഞെടുപ്പ് കമ്മീഷന്) ആരാണ് അധികാരം നല്‍കിയത്? ഇത് നിങ്ങളാണോ അതോ പാര്‍ട്ടി നേതാവാണോ ചെയ്യേണ്ടത്?’, കോടതി ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കമല്‍നാഥിനെ താര പ്രചാരക പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയത്.

നേരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇമര്‍തി ദേവിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കമല്‍നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്വാളിയാറിലെ ദബ്‌റ മണ്ഡലത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് കമല്‍നാഥ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

പ്രസംഗത്തിനിടയില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇമര്‍തി ദേവിയെ ഐ.റ്റം എന്ന് കമല്‍നാഥ് വിളിച്ചിരുന്നു.

കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഇമര്‍തി ദേവി ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court stays EC order on Kamal Nath, says poll body has no power to decide campaigner status