ന്യൂദല്‍ഹി: ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നുപുര്‍ ശര്‍മയാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി നുപുറിനോട് ആവശ്യപ്പെട്ടു.
തനിക്കെതിരായ കേസുകള്‍ ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും നുപുര്‍ ശര്‍മ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
പ്രവാചകനെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും അതിന് ശേഷം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും കാരണം നുപുര്‍ ശര്‍മയാണെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഗ്യാന്‍വാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പോയി എന്തിന് വിഷയം ചര്‍ച്ച ചെയ്തുവെന്നും കോടതി ചോദിച്ചു.
മതത്തോടുള്ള പ്രതിബദ്ധതയല്ല ചര്‍ച്ചയ്ക്ക് പോയതിന്റെ കാരണം, മതസ്പര്‍ധ പടുത്തുവിടലാണെന്നും കോടതി പറഞ്ഞു.
ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലും ഏക ഉത്തരവാദി നുപുര്‍ ശരമയാണെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാന്‍ ,പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നുപുറിനെതിരെ നിലവില്‍ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കേസുകളെല്ലാം ദല്‍ഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നുപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ജീവന് ഭീഷണിയുള്ളതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോടതിയില്‍ ഹാജരാകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അവിടേയ്ക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും നുപുര്‍ കോടതിയില്‍ വ്യക്തമാക്കി.