ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി മൂന്നു ലക്ഷം നല്‍കണം : സുപ്രീംകോടതി
India
ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി മൂന്നു ലക്ഷം നല്‍കണം : സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2013, 12:57 am

[]ന്യൂദല്‍ഹി: ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപ നല്‍കണമെന്ന് സുപ്രീം കോടതി.  ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. []

ഇതില്‍ ഒരുലക്ഷം രൂപ ആക്രമണം നടന്ന് 15 ദിവസത്തിനകം നല്‍കണം. ബാക്കി രണ്ടുലക്ഷം രണ്ട് മാസത്തിനകം കൊടുത്തു തീര്‍ക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

1919ലെ വിഷനിയമം ഭേദഗതി ചെയ്ത് ആസിഡ് ആക്രമണം ജാമ്യമില്ലാ കുറ്റമാക്കി ചട്ടമുണ്ടാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

2006ല്‍ ദല്‍ഹിയില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ആസിഡുകളും അതുപോലുള്ള മാരകമായ വസ്തുക്കളും ഓരോ സംസ്ഥാനങ്ങളിലും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം വേണമെന്ന് ഇതിനായി പ്രത്യേക നിയമങ്ങള്‍ തന്നെ പാസ്സാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 17 സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിച്ച പദ്ധതി കൃത്യമല്ലെന്നും അത് ഇരകള്‍ക്ക് ഗുണം ചെയ്യില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുകയുടെ അളവ് കുറവാണ്. ആക്രമണം വഴിയുണ്ടാകുന്ന വൈകല്യം മാറ്റാന്‍ പ്‌ളാസ്റ്റിക് സര്‍ജറി അടക്കമുള്ള ചെലവേറിയ ചികിത്സ വേണ്ടി വരുമെന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിച്ചില്ല.

അതിനാല്‍ നഷ്ടപരിഹാരം മൂന്ന് ലക്ഷമാക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം സ്വീകരിക്കുകയാണെന്ന് കോടതി അറിയിച്ചു.

ആസിഡിന്റെ വില്‍പന നിയന്ത്രിക്കാന്‍ ചട്ടങ്ങളുണ്ടാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന കരട് അടിസ്ഥാനമാക്കി മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം.

കേന്ദ്രസര്‍ക്കാറില്‍ നിന്ന് കരട് ലഭിച്ച് മൂന്നുമാസത്തിനകം ഇവര്‍ ചട്ടങ്ങളുണ്ടാക്കണമെന്നും കോടതി പറയുന്നു.