രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി
national news
രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2021, 3:13 pm

ന്യൂദല്‍ഹി: രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസിലാണ് കോടതിയുടെ പരാമര്‍ശം.

ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കാനുള്ളതാണെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പരാമര്‍ശം) എന്നീ വകുപ്പുകള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയമായെന്നാണ് കോടതി നിരീക്ഷിച്ചത്.

‘മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ കണക്കിലെടുത്ത് 124എ, 153 എന്നീ വകുപ്പുകള്‍ക്ക് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വരേണ്ടതുണ്ട്,’ കോടതി ഉത്തരവില്‍ പറയുഞ്ഞു.

 

തെലുങ്ക് ചാനലുകളായ ടി.വി5 ന്യൂസ് എ.ബി.എന്‍ ആന്ധ്രാ ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകള്‍ സുപ്രീം കോടതിയില്‍ റിട്ട് നല്‍കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വൈദ്യ സഹായം അഭ്യര്‍ത്ഥിക്കുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് തങ്ങള്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് ചാനലുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വിമത നേതാവായ വൈ.എസ്.സി.ആര്‍.പി എം.പി രഘുരാമ കൃഷ്ണം രാജുവിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതെന്ന് ചാനലുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവന്‍, സിദ്ധാര്‍ത്ഥ ലുത്ര എന്നിവര്‍ കോടതിയില്‍ വാദിച്ചു.

ഡി.വൈ ചന്ദ്രചൂഢ്, എല്‍ നാഗേശ്വര റാവു, ആര്‍ രവിന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlight: Supreme court says that its the time to define the limit of sedition