ന്യൂദല്‍ഹി: വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
നേരത്തെ സമാനമായ ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചപ്പോള്‍, എല്ലാ മണ്ഡലങ്ങളിലേയും 5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് വെറും 1% മാത്രമേ ആകൂവെന്നും വോട്ടെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താന്‍ 50% വിവിപാറ്റുകളെങ്കിലും എണ്ണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
5 വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണമെന്ന കോടതി വിധി വന്നതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.