യു.എ.പി.എ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും വിചാരണ കോടതി ജാമ്യം നല്‍കിയതാണ്. വിശദമായ വിധി പ്രസ്താവമാണ് വിചാരണ കോടതി പുറപ്പെടുവിച്ചത്. ഇതില്‍ ഒരാളുടെ ജാമ്യം മാത്രം ഹൈക്കോടതി റദ്ദാക്കിയതിനാല്‍ ആണ് നോട്ടീസ് അയക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് മാരായ നവീന്‍ സിന്‍ഹ, അജയ് റസ്‌തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് എന്‍.ഐ.എയ്ക്ക് നോട്ടീസ് നല്‍കിയത്. മൂന്ന് ആഴ്ചയാണ് എന്‍.ഐ.എ നോട്ടീസിന് മറുപടി നല്‍കാനുള്ള കാലാവധി.
അതേസമയം അലന്‍ ഷുഹൈബിന് ജാമ്യം റദ്ദാക്കാന്‍ നടപടി ഉണ്ടാകുമെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. എന്‍.ഐ.എക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് കോടതിയെ ഇക്കാര്യം അറിയച്ചത്.
അലന്‍ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദു ചെയ്യാതിരുന്നത് ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണെന്നും അലന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കണം എന്ന് എന്‍.ഐ.എയ്ക്ക് നിയമ ഉപദേശം നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
2021 ജനുവരിയിലാണ് ഹൈക്കോടതി താഹഫസലിന്റെ ജാമ്യം റദ്ദു ചെയ്തത്. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്.
അലന്റെ കയ്യില് നിന്നും പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവല്ലെന്നാണ് കോടതി പറഞ്ഞത്. അലന്റെ പ്രായവും കണക്കിനെടുത്താണ് കോടതി നടപടി. അതേസമയം താഹ ഫസലിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവുകളാണെന്നും കോടതി പറഞ്ഞു.
2020 സെപ്തംബറിലാണ് അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്.
2019 നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക