Advertisement
national news
മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 30, 07:44 am
Monday, 30th October 2023, 1:14 pm

ന്യൂദല്‍ഹി: മദ്യനയ അഴിമതികേസില്‍ മുന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ഇ.ഡി, സി.ബി.ഐ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. വിചാരണ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും എന്നത് കണക്കിലെടുത്താണ് തീരുമാനം.


റിമാന്‍ഡ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി അന്വേഷണഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് സിസോദിയെക്കെതിരെ ആരോപിക്കപ്പെട്ടത്. ആഗസ്റ്റ് 17നാണ് മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ ഇട്ടത്.

സിസോദിയയെ കഴിഞ്ഞ ഫെബ്രുവരി 26 നാണ് മദ്യനയഅഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അഴിമതി കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡി യുമാണ് അന്വേഷിക്കുന്നത്.

ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ദല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കി എന്നതാണ് കേസ്. ഇതിനായി വ്യാപാരികള്‍ കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കേസില്‍ ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ഇ.ഡിയും സി.ബി.ഐയും ഉറപ്പു നല്‍കിയിട്ടുണ്ട് എന്നും വിചാരണ മന്ദഗതിയില്‍ ആണെന്ന് ബോധ്യപ്പെടുകയോ അതിലും മുന്നോട്ടു പോവുകയോ ചെയ്താല്‍ സിസോദിയക്ക് വീണ്ടും ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി

Content Highlight: Supreme Court denies plea for Manish sisodia case