നിങ്ങള്‍ പിന്തുടരുന്നതെല്ലാം സുഖപ്പെടുത്തുമെന്നതിന് എന്താണിത്ര ഉറപ്പ്? എന്തിനാണ് അലോപ്പതിയെ വിമര്‍ശിക്കുന്നത്; ബാബാ രാംദേവിനോട് സുപ്രീം കോടതി
Natonal news
നിങ്ങള്‍ പിന്തുടരുന്നതെല്ലാം സുഖപ്പെടുത്തുമെന്നതിന് എന്താണിത്ര ഉറപ്പ്? എന്തിനാണ് അലോപ്പതിയെ വിമര്‍ശിക്കുന്നത്; ബാബാ രാംദേവിനോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 11:18 pm

ന്യൂദല്‍ഹി: ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സുപ്രിം കോടതി. വാക്സിനേഷനുകള്‍ക്കും ആധുനിക മരുന്നുകള്‍ക്കുമെതിരായ പ്രചരണങ്ങളും പിന്തിരിപ്പന്‍ ഉള്ളടക്കങ്ങളടങ്ങിയ പരസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെ വാക്കാല്‍ വിമര്‍ശിച്ചത്.

ഐ.എം.എയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

ആയുര്‍വേദത്തെ ജാനകീയമാക്കാന്‍ ക്യാമ്പയിനുകള്‍ നടത്താം, എന്നാല്‍ അലോപ്പതി പോലുള്ള മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് രാംദേവിനോട് പറഞ്ഞു.

ബാബാ രാംദേവ് എന്തുകൊണ്ടാണ് അലോപ്പതി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പിന്തുടരുന്നത് എല്ലാം സുഖപ്പെടുത്തുമെന്ന് എന്താണിത്ര ഉറപ്പെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു. ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലിയും സി.ടി. രവികുമാറും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

‘താന്‍ പിന്തുടരുന്ന സംവിധാനം ജനകീയമാക്കാന്‍ എന്തിനാണ് ബാബാ രാംദേവ് മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കുന്നത്. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുത്. മറ്റ് സംവിധാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം,’
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.