ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി
national news
ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2023, 2:41 pm

ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി. 2002 ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന കേസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരായാണ് ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ, ജസ്റ്റിസ് ദിപന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലൈ 19 നാണ് കേസ് വീണ്ടും പരിഗണിക്കുക.

ടീസ്തയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ഉടന്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ടീസ്ത സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

നേരത്തെ, ജൂലൈ ഒന്നിന് ടീസ്തയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു മൂന്നംഗ ബെഞ്ച് ഹരജി പരിഗണിച്ചത്. ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കോടതി ഉന്നയിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ ഹരജിക്കാരിക്ക് സമയം നല്‍കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു.

സ്ത്രീയെന്ന പരിഗണന ടീസ്തക്ക് നല്‍കുന്നതായി കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സെക്ഷന്‍ 437 സി.ആര്‍.പി.സി പ്രകാരം സ്ത്രീയായതിനാല്‍ അവര്‍ക്ക് പ്രത്യേക സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഇവ പരിഗണിച്ച് കോടതി ഹരജിക്കാരിക്ക് പരിഗണന നല്‍കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഹരജിക്കാരിക്ക് പരിരക്ഷ നല്‍കുന്നതില്‍ കോടതിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന് ഒരാഴ്ചത്തെ സ്‌റ്റേ നല്‍കുന്നതായി കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ടീസ്ത സെതല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Content Highlight: Suprem court extended interime bail of teestha sethalvad