Film News
എസ്.ഐ. സെബാസ്റ്റ്യന്‍ നമ്മളെ പോലെയല്ല, ഒരു ക്രൂര മൃഗമാണ്; സൂപ്പര്‍ സെബാസ്റ്റ്യന്‍ വീഡിയോ സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 27, 02:30 pm
Monday, 27th March 2023, 8:00 pm

കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതം മികച്ച അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. അജ്ഞാത ശവങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടവും പൊലീസ് സംവിധാനങ്ങളും കാണിക്കുന്ന അനാസ്ഥയെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ കൃഷാന്ദ് തുറന്ന് കാണിച്ചത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. ഷുഗര്‍ ലോചന്‍ എന്ന പാട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ ഓരോ കഥാപാത്രങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് റാപ്പുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന റാപ്പായിരുന്നു.

ഈ പാട്ടിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മ്യൂസിക്കിനൊപ്പമുള്ള ചടുലമായ വരികളും പാട്ടിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. എം.സി. കൂപ്പറിന്റെ വരികള്‍ക്ക് അജ്മല്‍ ഹസ്ബുള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്. എം.സി. കൂപ്പര്‍ തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നതും.

പ്രശാന്ത് അലക്‌സാണ്ടറാണ് ചിത്രത്തില്‍ സൂപ്പര്‍ സെബാസ്റ്റ്യന്‍ ആയി എത്തിയത്. പ്രശാന്തിന്റെ പ്രകടനത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, ജിയോ ബേബി, രാഹുല്‍ രാജഗോപാല്‍, ദേവകി രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: super sebastian video song from purusha pretham