അവസാന പന്തില്‍ മുംബൈ വീണു; ഐ.പി.എല്ലില്‍ മുംബൈയ്ക്ക് രണ്ടാം തോല്‍വി
ipl 2018
അവസാന പന്തില്‍ മുംബൈ വീണു; ഐ.പി.എല്ലില്‍ മുംബൈയ്ക്ക് രണ്ടാം തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th April 2018, 11:51 pm

ഹൈദരാബാദ്: ഐ.പി.എല്ലിലെ ഏഴാമത്തെ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു. അവസാ പന്തുവരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തില്‍ ദീപക് ഹൂഡയാണ് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നര്‍ണ്ണായക പങ്കുവഹിച്ചത്.  അവസാന പന്തില്‍ ഒരു റണ്‍സ് എന്ന സ്ഥിതിയില്‍ ബില്ലി സ്റ്റാന്‍ലേക്ക് ബൗണ്ടറി നേടി ഹൈദ്രാബാദിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മുംബൈയുടെ 147 ല്‍ 8 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ശക്തമായ നിലയില്‍ കുതിക്കുകയായിരുന്ന സണ്‍റൈസേഴ്‌സ് പെട്ടെന്നാണ് മത്സരത്തില്‍ തകര്‍ച്ച നേരിട്ടത്. 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴത്തിയ മാര്‍ക്കണ്ടേയുടെ പ്രകടനമാണ് മത്സരത്തിലേക്ക് മുംബൈയെ തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഒരറ്റത്ത് സണ്‍റൈസേഴ്‌സിന്റെ രക്ഷകനായി ദീപക് ഹൂഡ അവതരിക്കുകയായിരുന്നു

നേരത്തെ 8 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 147 റണ്‍സാണ് മുംബൈ സ്വന്തമാക്കിയത്. രോഹിത് ശര്‍മ (പത്തു പന്തില്‍ 11), എവിന്‍ ലൂയിസ് (17 പന്തില്‍ 29), ഇഷാന്‍ കിഷന്‍ (ഒന്‍പതു പന്തില്‍ ഒന്‍പത്), ക്രുനാല്‍ പാണ്ഡ്യ (പത്തു പന്തില്‍ 15), കീറണ്‍ പൊള്ളാര്‍ഡ് (23 പന്തില്‍ 28), സൂര്യ കുമാര്‍ യാദവ് (31 പന്തില്‍ 28), ബെന്‍ കട്ടിങ് (ഒന്‍പതു പന്തില്‍ ഒന്‍പത്), പ്രദീപ് സങ്‌വാന്‍ (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മുംബൈ താരങ്ങളുടെ സ്‌കോറുകള്‍. മാര്‍കണ്‌ഠെ (മൂന്നു പന്തില്‍ ആറ്), ജസ്പ്രീത് ബുംമ്ര (അഞ്ചു പന്തില്‍ നാല്) എന്നിവര്‍ പുറത്താകാതെ നിന്നു.

സ്റ്റാന്‍ലേക്കിന്റെ പന്തില്‍ ഷാക്കിബ് അല്‍ഹസനു വിക്കറ്റു സമ്മാനിച്ചാണു രോഹിത് ശര്‍മ പുറത്തായത്. ആറാം ഓവറില്‍ സിദ്ധാര്‍ഥ് കൗളിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച ഇഷാന്‍ കിഷനെ യൂസഫ് പത്താന്‍ ക്യാച്ചെടുത്തു കൂടാരം കയറ്റി. കൗളിന്റെ തന്നെ പന്തില്‍ ബൗള്‍ഡായി എവിന്‍ ലൂയിസും മടങ്ങി. ക്രുനാല്‍ പാണ്ഡ്യയുടെ വിക്കറ്റ് ഷാക്കിബ് അല്‍ ഹസനും കീറണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് സ്റ്റാന്‍ലേക്കും വീഴ്ത്തി. ഒന്‍പതു റണ്‍സ് മാത്രമെടുത്ത ബെന്‍ കട്ടിങ്ങിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. സന്ദീപ് ശര്‍മയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ ദീപക് ഹൂഡ ക്യാച്ചെടുത്തു പുറത്താക്കി. തൊട്ടടുത്ത പന്തില്‍ സങ്‌വാനെയും സന്ദീപ് ശര്‍മ വിക്കറ്റിനു മുന്നില്‍ കുടുക്കി.

സണ്‍റൈസേഴ്‌സിനായി സന്ദീപ് ശര്‍മ, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും റാഷിദ് ഖാന്‍, ഷാക്കിബ് അല്‍ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.