കൊച്ചി: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു പട്ടിക ജാതി വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയോട് വിവേചനം കാണിച്ചോ, ഇല്ലയോ എന്നുള്ള തര്‍ക്കത്തിനപ്പുറത്തേക്ക് ഗുരുതരമായ കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് സമൂഹിക നിരീക്ഷകന്‍ സണ്ണി എം. കപിക്കാട്.
സംവരണ അട്ടിമറി, ദളിത് വിവേചനം, സ്ത്രീ തൊഴിലാളികളോടുള്ള തെറ്റായ സമീപനം എന്നിവയായിരുന്നു വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍. അതിനവര്‍ക്ക് കൃത്യമായ കാരണങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സണ്ണി എം. കപിക്കാടിന്റെ പ്രതികരണം.
വാല് മുറിച്ചാല്‍ പോകുന്നതല്ല ജാതി എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്ന
അടൂര്‍ ഗോപാലകൃഷ്ണന്‍ മനസിലാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ വിദ്യാര്‍ത്ഥികളും പ്രശ്‌നം മനസിലാക്കി സമരത്തിന്റെ ഭാഗമായി. അതാണ് ഈ സമരത്തിന്റെ പ്രസക്തി. കേവലമായി ഒരു പട്ടിക ജാതി വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയോട് വിവേചനം കാണിച്ചോ ഇല്ലയോ എന്നുള്ള തര്‍ക്കമല്ലിത്.
ഇതുപോലൊരു ഇന്‍സ്റ്റിറ്റിയൂഷനില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ഡയറക്ടറും അദ്ദേഹം ഒരു ഉന്നത ജാതിക്കാരനായതുകൊണ്ട് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം ഒരു പ്രൊഫഷണല്‍ മാത്രമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ചെയര്‍മാനുമായിരുന്നു അവിടുത്തെ പ്രശ്‌നം.
ഈ സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരളം അംഗീകരിച്ചതാണ്. 20ാം വയസില്‍ ജാതി വാല് മുറിച്ചെന്ന് അടൂര്‍ പറയുന്നു. വാല് മുറിച്ചാല്‍ പോകുന്നതല്ല ജാതി എന്നതാണ് അടൂര്‍ മനസിലാക്കേണ്ട പ്രാഥമിക സാമൂഹ്യ ശാസ്ത്രം,’ സണ്ണി എം. കപ്പിക്കാട് പറഞ്ഞു.
നിങ്ങള്‍ പുറത്ത് നില്‍ക്കുക ഇയാള്‍ മാത്രം അകത്ത് കയറിയാല്‍ മതിയെന്ന് പറയുമ്പോള്‍ അത് ജാതി വിവേചനമാണെന്ന് തിരിച്ചറിയാന്‍ പി.എച്ച്.ഡിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.