ആടുജീവിതം സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടുകൂടി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ചിത്രത്തിലെ നായകന്‍ നജീബാകാന്‍ വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ റിലീസിന് മുന്നേ ചര്‍ച്ചയായിരുന്നു. ശരീരഭാരം 30 കിലോയോളം കുറച്ചാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിച്ചത്.
സിനിമ കണ്ട എല്ലാവരെയും ഞെട്ടിച്ച സീനുകളിലൊന്നായിരുന്നു പൃഥ്വിയുടെ മെലിഞ്ഞ ശരീരം കാണിക്കുന്ന സീന്‍. ആ സീനിന് വേണ്ടി പൃഥ്വിയും സിനിമയുടെ ക്രൂവും നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് ക്യാമറാമാന്‍ സുനില്‍ കെ.എസ് സംസാരിച്ചു.
ആ സീനിന് മുമ്പ് 12 മണിക്കൂര്‍ വെള്ളം കുടിക്കാതെയിരുന്നുവെന്നും ഡീഹൈഡ്രേഷന് വേണ്ടി 30മില്ലി വോഡ്ക കൂടി കൊടുത്ത ശേഷമാണ് പൃഥ്വി ആ സീനീല്‍ അഭിനയിച്ചതെന്ന് സുനില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്.
‘ആ ഷോട്ട് എടുക്കാന്‍ വേണ്ടി മൊത്തം ക്രൂവും വലിയ തയാറെടുപ്പ് നടത്തിയിരുന്നു. ആ ഷോട്ട് മാത്രമേ അന്ന് എടുത്തുള്ളൂ. വേറെ ഒന്നും എടുത്തിരുന്നില്ല. ആ ദിവസം വൈകിട്ട് മൂന്നരക്ക് ആ ഷോട്ട് എടുക്കാനായിരുന്നു പ്ലാന്‍. അതിന് മൂന്ന് ദിവസം മുമ്പ് പൃഥ്വി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. 12 മണിക്കുര്‍ മുന്നേ വെള്ളവും ഒഴിവാക്കി. അതും പോരാഞ്ഞ് 30 മില്ലി വോഡ്കയും കൊടുത്തു.
അതുംകൂടി ആയപ്പോള്‍ ബോഡിയില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം കൂടി ഡീഹൈഡ്രേറ്റായി. ഷോട്ടിന് വേണ്ടി വന്ന പൃഥ്വിയെ കസേരയിലിരുത്തിയാണ് ഷോട്ട് എടുക്കേണ്ട സ്ഥലത്തേക്ക് കൊണ്ടുവന്നത്. മാര്‍ക്ക് ചെയ്തുവെച്ച സ്ഥലത്ത് പൃഥ്വിയെ കൊണ്ടുവന്ന് നിര്‍ത്തി ആ ഷോട്ട് എടുത്തു. ഷോട്ടിന്റെ അവസാനം പൃഥ്വി തളര്‍ന്ന് അവിടെ വീണുപോയി. അത്രക്ക് റിസ്‌കി ഷോട്ടായിരുന്നു അത്,’ സുനില്‍ പറഞ്ഞു.
Content Highlight: Sunil KS saying that Prithvi did not drink water before the body revealing scene in Aadujeevitham