ആടുജീവിതത്തിൽ തനിക്ക് മാജിക്കൽ ആയിട്ട് കിട്ടിയ ഷോട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാട്ടോഗ്രാഫർ സുനിൽ കെ.എസ്. നജീബ് പോകാൻ നിൽകുമ്പോൾ കൗണ്ടറിൽ ആട് എത്തിനോക്കുന്ന ഒരു സീൻ തനിക്ക് മാജിക്കൽ ആയിട്ട് കിട്ടിയതാണെന്നും മനഃപൂർവം എടുത്തതല്ലെന്നും സുനിൽ പറഞ്ഞു.
അങ്ങനെ മാജിക്കൽ ആയിട്ട് കിട്ടിയ ഒരുപാട് ഷോട്ടുകൾ ഉണ്ടെന്നും സുനിൽ കൂട്ടിച്ചേർത്തു. ഒട്ടകത്തിനോട് നജീബ് പോവുകയാണെന്ന് പറയുമ്പോൾ തലപൊക്കി സ്റ്റക്കായി നിൽകുമ്പോൾ തങ്ങൾക്ക് ലൈവ് ആയിട്ട് കിട്ടിയതാണെന്നും സുനിൽ പറയുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നജീബ് ഇങ്ങനെ പോവുകയാണെന്ന് പറയുമ്പോൾ ആട് എത്തിനോക്കുന്ന സീൻ ഉണ്ട്. കൗണ്ടർ ഷോട്ടിൽ തിരിഞ്ഞു പോകുന്നുണ്ട്. അതൊക്കെ മാജിക്കൽ ആയിട്ട് കിട്ടിയതാണ്. മനപ്പൂർവം എടുത്തതല്ല. ഈ ഷോട്ട് എടുത്തതിനുശേഷം കൗണ്ടറിൽ അത് തിരിഞ്ഞു പോകുന്നതൊക്കെ മാജിക്കൽ ആയിട്ട് കിട്ടിയതാണ്.
അങ്ങനെ കിട്ടിയ ഒരുപാട് ഷോട്ടുകൾ ഉണ്ട്. ഒട്ടകത്തിനോട് ഞാൻ പോവുകയാണെന്ന് പറയുമ്പോൾ തലപൊക്കി സ്റ്റക്കായി നിൽക്കുന്ന ഒരു ഷോട്ട് ഉണ്ട്. അത് ലൈവ് ആയിട്ട് കിട്ടിയതാണ്. ഫ്രീസ് ആയിട്ട് നിൽക്കുന്ന ആ ഷോട്ട് ഒറ്റ ടേക്കിൽ കിട്ടിയതാണ്,’ സുനിൽ കെ.എസ്. പറഞ്ഞു.
ഓരോ ഷോട്ടിനുവേണ്ടിയും ഒരുപാട് സമയമെടുത്തിട്ടുണ്ടാവുമെന്നും അത്രത്തോളം ക്ഷമ എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിനും സുനിൽ അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ഏറ്റവും വലിയ ക്ഷമ സംവിധായകൻ ബ്ലെസിക്ക് ആയിരുന്നെന്നായിരുന്നു സുനിലിന്റെ മറുപടി.
‘ഏറ്റവും വലിയ ക്ഷമ ബ്ലെസി ചേട്ടനാണ്. ബ്ലെസി ചേട്ടൻ ഓക്കെ എന്ന് പറയില്ല. അദ്ദേഹം ചിരിച്ചാൽ അറിയാം അത് ഓക്കെയാണെന്ന്. ആ ചിരി പോലും കിട്ടാൻ വലിയ പാടാണ്. നജീബും ആടും എല്ലാം ഒരുമിച്ച് ആകുന്ന സീനുണ്ട്. അതിൽ ഒരു ആട് തിരിഞ്ഞുനോക്കി കരയണം.
ഈയൊരു ഷോട്ട് എനിക്ക് തോനുന്നു ഉച്ച മുതൽ വൈകുന്നേരം വരെ ഇങ്ങനെ എടുത്തു കൊണ്ടിരിക്കുകയാണ്. ഒരു റിയാക്ഷനും കിട്ടുന്നില്ല. അത് ഒരു വിധത്തിൽ ഒപ്പിച്ചെടുത്തു. ഒട്ടകം പിന്നെയും എളുപ്പമായിരുന്നു. ആട് കുറച്ച് പാടാണ്. പ്രത്യേകിച്ച് ഇത്തരം ആടുകൾ,’ സുനിൽ കെ.എസ്. പറഞ്ഞു.
Content Highlight: Sunil ks about magical shots in aadujeevitham