നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ലഭിക്കുന്ന താരമാണ് കെ.എല്‍. രാഹുല്‍. ഓപ്പണര്‍ ബാറ്ററായ രാഹുലിനെ തേടി എന്നും വിമര്‍ശനം എത്താറുളളത് അദ്ദേഹത്തിന്റെ മെല്ലെപ്പോക്കിനെ ചൊല്ലിയാണ്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ രാഹുല്‍ രണ്ടാം മത്സരത്തിലും സീരീസ് ഡിസൈഡിങ് മത്സരമായ മൂന്നാം മത്സരത്തിലും പരാജയമായിരുന്നു. ഇന്ത്യ വിജയിച്ചെങ്കിലും രാഹുലിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിരുന്നു.
ഏഷ്യാ കപ്പിലും അദ്ദേഹം മോശം ബാറ്റിങ് പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് പകരം വിരാട് കോഹ്‌ലിയെ ഓപ്പണിങ് ഇറക്കണമെന്ന് ഒരുപാട് പേര്‍ വാദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാനാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം.
രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
ടീമിനായി ആവശ്യമുള്ള സമയത്ത് അടിക്കാന്‍ നോക്കിയാണ് അദ്ദേഹം ഔട്ടായതെന്ന് പറയുകയാണ് ഗവാസ്‌കര്‍. വിക്കറ്റ് വലിച്ചെറിയാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘രണ്ട് തവണയും ടീം പ്രതീക്ഷിച്ചത് അവന്‍ ചെയ്യുകയായിരുന്നു, ആദ്യ ഗെയിമില്‍ ഫിഫ്റ്റി നേടിയത് നിങ്ങള്‍ കണ്ടു. രണ്ടാം ഗെയിമില്‍, ആദ്യ പന്ത് മുതല്‍ അറ്റാക്ക് ചെയ്യേണ്ടേ സാഹചര്യമായിരുന്നു. എട്ട് ഓവര്‍ മത്സരമായിരുന്നല്ലോ അത്. അപ്പോള്‍ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച് അദ്ദേഹം ടീമിനായി വിക്കറ്റ് ബലി നല്‍കി, ഗവാസകര്‍ പറഞ്ഞു.
മൂന്നാം മത്സരത്തിലും സാഹചര്യം അനുകൂലമല്ലായിരുന്നുവെന്നും അവിടെയും അദ്ദേഹം വിക്കറ്റ് ബലി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെ, മൂന്നാം 20 മത്സരത്തില്‍ ചോദിക്കുന്ന നിരക്ക് ഒരു ഓവറില്‍ 9 റണ്‍സില്‍ കൂടുതലായിരുന്നു, ഇത് ഒരിക്കലും എളുപ്പമല്ല, നിങ്ങള്‍ക്ക് ഒരു നല്ല തുടക്കം ലഭിക്കണം. അവന്‍ അവിടെയും വിക്കറ്റ് ബലിയര്‍പ്പിച്ചു,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ടച്ച് കിട്ടിയാല്‍ രാഹുലിനേക്കാള്‍ അപകടകാരിയായ ഇന്ത്യന്‍ ബാറ്റര്‍ വേറെ ഇല്ലെന്ന് ഒരുപാട് തവണ തെളിയിച്ചതാണ്. വരുന്ന ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തിന് ഒരുപാട് ആവശ്യമാണ്.