മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫാബ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ എന്നറിയപ്പെട്ടിരുന്നവരായിരുന്നു സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് എന്നിവര്‍. ഇതിഹാസതുലര്യരായ ഈ അഞ്ച് പേരായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണുകള്‍.
കളിച്ചുകൊണ്ടിരുന്ന കാലത്ത് അഞ്ച് പേരും നിര്‍ദേശങ്ങള്‍ക്കായി സമീപിക്കാറുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. താന്‍ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചില്ല എന്നതിനെക്കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു ഗവാസ്‌കറുടെ പ്രതികരണം.
ടീമിനെ പരിശീലിപ്പിച്ചില്ലെങ്കിലും താരങ്ങളുമായി വലിയ ബന്ധമുണ്ടായിരുന്നെന്നു ഗവാസ്‌കര്‍ പറയുന്നു. അതേസമയം ഇപ്പോഴത്തെ തലമുറയിലെ താരങ്ങളുമായി അത്തരം സംസാരങ്ങളുണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, സെവാഗ് എന്നിവരുമായി സംസാരിക്കാറുണ്ടായിരുന്നു. അവരുമായി ആശയങ്ങള്‍ പങ്കുവെക്കാറുമുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം താന്‍ എന്തുകൊണ്ടു പരിശീലകനായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോഴും കളിയെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കാറില്ല. ഓരോ പന്തും നിരീക്ഷിക്കാന്‍ എനിക്കായിട്ടില്ല. ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ ഓരോ പന്തും നിങ്ങള്‍ നിരീക്ഷിക്കണം,’ ഗവാസ്‌കര്‍ പറഞ്ഞു.
ജി.ആര്‍ വിശ്വനാഥും തന്റെ അമ്മാവന്‍ മാധവ് മന്ത്രിയും അത്തരത്തിലുള്ളവരായിരുന്നെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.