രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ കരിയര്‍ ഡിഫൈനിങ് മൊമെന്റിന് ശേഷം റെഡ്ഡിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഭാവിയില്‍ താരം ഒരുപാട് റണ്‍സ് നേടുമെന്നും ആ യാത്രയിലെ ആദ്യ ചുവടുവെപ്പാണ് ഇതെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
നിന്റെ പിതാവിന്റെ ത്യാഗങ്ങള്‍ ഒന്നും മറക്കരുതെന്നും ക്രിക്കറ്റിനെ നിസാരമായി കാണരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘ഇത് അവന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ്. സമീപഭാവിയില്‍ അവന്‍ ഇനിയും ഏറെ സെഞ്ച്വറികള്‍ നേടും. റണ്‍ വേട്ടക്കാര്‍ക്കിടയില്‍ ഭാവിയില്‍ അവനെ കാണുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്റ്റാറാണ്.
അവന്റെ പിതാവിന്റെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ത്യാഗത്തെ കുറിച്ച് അവന്‍ എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ടതുണ്ട്. നിതീഷ് ഇവിടെയെത്താന്‍ കാരണം ഇന്ത്യന്‍ ക്രിക്കറ്റാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരിക്കലും നിസാരമായി കാണുന്നില്ലെന്ന് അവന്‍ ഉറപ്പുവരുത്തണം. അവന്‍ സ്വയം നീതിപുലര്‍ത്തിയാല്‍, വളരെ വലിയൊരു കരിയര്‍ അവന് മുമ്പിലുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.
When 𝑵𝑲𝑹 rose to the occasion and smashed his maiden Test 1️⃣0️⃣0️⃣ for 🇮🇳
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും നിതീഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് ഇതില്‍ പ്രധാനം. 21 വയവും 214 ദിവസവും പ്രായമുള്ളപ്പോഴാണ് റെഡ്ഡി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കുന്നത്.
അതേസമയം, മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 358ന് ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ. 105 റണ്‍സുമായി നിതീഷും രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യ 116 റണ്‍സിന് പിറകിലാണ്.
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 474 റണ്‍സാണ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്‌കോറിലെത്തിയത്. 197 പന്ത് നേരിട്ട താരം 140 റണ്‍സ് സ്വന്തമാക്കി.
സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Sunil Gavaskar praises Nitish Kumar Reddy after his maiden test century