സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂര്‍ കോടതിയില്‍
national news
സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂര്‍ കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th March 2021, 10:15 pm

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍. ദല്‍ഹി കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിലാണ് ഉറച്ചുനില്‍ക്കുന്നതെന്ന് തരൂരിന് വേണ്ടി കേസ് വാദിക്കുന്ന അഡ്വ. വികാസ് പഹ്വ പറഞ്ഞു.

‘അവരുടെ മകനും ബന്ധുക്കളും പറയുന്നത് സുനന്ദ സ്‌ട്രോംഗ് ആയിട്ടുള്ള വ്യക്തിയായിരുന്നു, ആത്മഹത്യ ചെയ്യില്ല എന്നാണ്. അങ്ങനെയെങ്കില്‍ ആത്മഹത്യാപ്രേരണ എന്ന കുറ്റം എങ്ങനെ നിലനില്‍ക്കും’, എന്നായിരുന്നു പഹ്വ ചോദിച്ചത്. ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും പഹ്വ പറഞ്ഞു.

ശശി തരൂരിനെതിരെ സ്ത്രീധനത്തിനായി ആക്രമിക്കല്‍, അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു സാക്ഷി പോലും ഈ കേസില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദയുടെ മരണം ആകസ്മികമരണമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും പഹ്വ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക ബംഗ്ലാവ് നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.

കൂടുതല്‍ വാദത്തിനായി കേസ് ഏപ്രില്‍ 9 ലേക്ക് മാറ്റിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunanda Puskar couldn’t have died by suicide’: Tharoor claims before Delhi court