Entertainment
എമ്പുരാൻ എങ്ങനെയാണെന്ന് ഇപ്പോൾ പറയുന്നത് വലിയ അക്രമമായിരിക്കും, കാരണം..
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 25, 12:14 pm
Thursday, 25th January 2024, 5:44 pm

വലിയ ഹൈപ്പിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. ബിഗ് ബഡ്ജറ്റായി ഒരുങ്ങുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാവും പ്രേക്ഷകർക്ക്‌ മുന്നിലെത്തുക.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സുജിത് സുധാകരൻ. എമ്പുരാനെ കുറിച്ച് ഇപ്പോൾ പറയുന്നത് വലിയ അക്രമം ആയിരിക്കുമെന്നാണ് സുജിത് പറയുന്നത്.

എമ്പുരാൻ വലിയൊരു സിനിമയാണെന്നും ചിത്രത്തിന് ഇനിയും ഒരുപാട് സ്ഥലത്ത് ഷൂട്ട്‌ ബാക്കിയുണ്ടെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സുജിത് പറഞ്ഞു.

‘എമ്പുരാൻ എങ്ങനെയാണെന്ന് ഇപ്പോൾ പറയുന്നത് വലിയ അക്രമമായിരിക്കും. ആ ചിത്രത്തിന്റെ സ്കേൽ വളരെ വലുതാണ്. നമ്മളിപ്പോൾ യു. കെയിൽ ഷൂട്ട്‌ ചെയ്തു, യു. എസിൽ ചെയ്തു. മിക്കവാറും അടുത്ത ഷൂട്ട്‌ അബുദാബിയിലാവും. അങ്ങനെ ഒരുപാട് സ്ഥലത്ത് അത് ഷൂട്ട്‌ ചെയ്യാനുണ്ട്. അതിന്റെ വലിപ്പത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. കൂടുതലൊന്നും പറയണ്ടല്ലോ.

അങ്ങനെയൊക്കെ ആവശ്യങ്ങളുണ്ട് ആ സിനിമക്ക്. ഒരു സംവിധായകന്റെ വിഷനാണ് ആ സിനിമ.

അതിന്റെ കൂടെ നിൽക്കുമ്പോൾ സിനിമ എത്രത്തോളം ആളുകളിലേക്ക് എത്തും, എത്ര ഇമ്പാക്ട് ഉണ്ടാവും, ഇത് വിജയിക്കുമോ ഇല്ലയോ എന്നതെല്ലാം എന്നെ സംബന്ധിച്ച് വളരെ സെക്കന്ററിയാണ്,’സുജിത് സുധാകരൻ പറയുന്നു.

Content Highlight: Sujith Sudhakaran Talk About Empuran Movie