ചെന്നൈ: തമിഴ് നടന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറരുതെന്നും ഉടന്‍ പാര്‍ട്ടി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് മുരുകേശന്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രജനീകാന്തിന്റെ ബോയിസ് ഗാര്‍ഡനിലുള്ള വീടിന് മുമ്പില്‍ വെച്ച് തീകൊളുത്തിയായിരുന്നു ആത്മഹത്യാ ശ്രമം. പരിക്കേറ്റ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
രാഷ്ട്രീയ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ തീരുമാനത്തിനെതിരെ ആരാധകര്‍ തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ചൊവ്വാഴ്ചയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്.
ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
” എന്റെ ഈ തീരുമാനം എന്റെ ആരാധകരെയും ജനങ്ങളെയും നിരാശരാക്കുമെങ്കിലും ദയവായി എന്നോട് ക്ഷമിക്കൂ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ഞാന്‍ ജനങ്ങളെ സേവിക്കും, ‘
എന്നാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്.
കടുത്ത സങ്കടത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന തീരുമാനം പറയുന്നതെന്നും ഈ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അനുഭവിച്ച വേദന തനിക്ക് മാത്രമേ അറിയുള്ളൂവെന്നും തമിഴില്‍ എഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.