കശ്മീരി മുസ്‌ലിംങ്ങളെ പോലൊരു ഭാഗ്യം കെട്ട ജനതയില്ല
FB Notification
കശ്മീരി മുസ്‌ലിംങ്ങളെ പോലൊരു ഭാഗ്യം കെട്ട ജനതയില്ല
മന്‍സൂര്‍ പാറമ്മല്‍
Thursday, 12th April 2018, 5:56 pm

1991 ഫെബ്രുവരിയിലെ മരം കോച്ചുന്ന തണുപ്പില്‍ രാത്രി 11 മണിയോടെ കശ്മീരിലെ പ്രാന്ത പ്രദേശങ്ങളിലെ കുനാന്‍ എന്നും പൊഷ്‌പോറയെന്നും പേരുള്ള രണ്ട് ഗ്രാമങ്ങള്‍ ഇന്ത്യന്‍ പട്ടാളം വളഞ്ഞു, ഇന്ത്യന്‍ പട്ടാളത്തിന്റെ ഒരു യൂനിറ്റ് മൊത്തം ഉണ്ടായിരുന്നു ആ സംഘത്തില്‍. സകല വീടുകളിലും കയറി ഇറങ്ങിയ പട്ടാളം വീട്ടിലെ പുരുഷന്‍മാരെയൊക്കെ അടിച്ചു പതം വരുത്തിയ ശേഷം സ്ത്രീകളെയൊന്നാകെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. 13 വയസ്സുള്ള ബാലിക മുതല്‍ 80 വയസ്സുള്ള വൃദ്ധ വരെ അതിലുണ്ടായിരുന്നു. രണ്ട് ഗ്രാമത്തിലും കൂടി നൂറ് സ്ത്രീകളെയാണ് ഒറ്റരാത്രി കൊണ്ട് ഇന്ത്യന്‍ പട്ടാളം ബലാല്‍സംഗം ചെയ്തത്.
ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ കണക്ക് പ്രകാരം അത് 150 ന് മുകളില്‍ പോവും.


Read more: പ്രഭാതഭക്ഷണം വിമാനത്തിനുള്ളില്‍, ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍; നിരാഹാരം പ്രഖ്യാപിച്ച മോദിയുടെ ഇന്നത്തെ ഭക്ഷണമെനു പുറത്ത്


 

1990 ല്‍ AFSPA നിയമം കാശ്മീരിലേക്കും വ്യാപിപ്പിച്ചതോടെയാണ് കശ്മീരി മുസ്‌ലിംങ്ങളുടെ ദുരന്തം തുടങ്ങുന്നത്. അത് വരെ ഇടക്ക് വരുന്ന പാക് തീവ്രവാദികളുടെ കുഴപ്പങ്ങള്‍ മാത്രം അനുഭവിച്ചാല്‍ മതിയായിരുന്ന ജനത ഇന്ത്യന്‍ പട്ടാളത്തിന്റെ ബൂട്ടിനടിയില്‍ ഞെരിഞ്ഞമരാന്‍ തുടങ്ങി. അഫ്‌സ്പ നിയമത്തിന്റെ ബലത്തില്‍ പട്ടാളത്തിന് ആരെയും ഏത് നട്ടപ്പാതിരാക്കും തടവിലാക്കാം,പിടിച്ചു കൊണ്ടുപോവാം ബലാല്‍സംഗം ചെയ്യാം വെടിവെച്ച് കൊല്ലാം….

ഈ നിയമം നടപ്പിലായ 90 മുതല്‍ 2015 വരെയുള്ള 25 വര്‍ഷത്തെ കണക്കെടുത്താല്‍ ഒരു ലക്ഷം സിവിലിയന്‍മാരെയാണ് പട്ടാളം കൊന്നൊടുക്കിയത്. ഏതാണ്ട് മുഴുവനായും തന്നെ മുസ്‌ലിംകള്‍. നാട്ടില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ കാണാതാവുന്നവരുടെ എണ്ണം ഏകദേശം പതിനായിരത്തോളം വരും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്ന് ജില്ലകളില്‍ നടന്ന തിരച്ചിലില്‍ കണ്ടെത്തിയത് 2730 ശവങ്ങളായിരുന്നു. ഭൂരിഭാഗവും പട്ടാളം പിടിച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞ യുവാക്കളായിരുന്നു അത്.

 

ഒരു പക്ഷെ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കാണാന്‍ സാധ്യതയില്ലാത്തൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട് കശ്മീരില്‍ Association of parents of disappeared person (APDP) എന്നാണതിന്റെ പേര്. കശ്മീരില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ കാണാതാവുന്ന ചെറുപ്പക്കാരുടെ രക്ഷിതാക്കള്‍ ചേര്‍ന്ന് നടത്തുന്ന സംഘടനയാണത്.തന്റെ മക്കളെ പട്ടാളം പിടിച്ചു കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടതാണെന്ന് ഓരോ രക്ഷിതാവിനും അറിയാം. എന്നാലും മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാത്ത ഏത് രക്ഷിതാവാണ് ഇല്ലാത്തത്….!


Related: ജമ്മുവിലെ എട്ടുവയസുകാരിയുടെ കൂട്ടബലാത്സംഗം: ഈ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും


ബലാല്‍സംഗം ഒരു ആയുധമായി പ്രയോഗിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കശ്മീര്‍. ഭയപ്പെടുത്താന്‍ വേണ്ടിയാണാ നാട്ടില്‍ ബലാല്‍സംഗം ഉപയോഗിക്കുന്നത് തന്നെ.2013ല്‍ കാശ്മീര്‍ നിയമസഭയില്‍ ഉമര്‍ അബ്ദുള്ള പറഞ്ഞ കണക്ക് പ്രകാരം സൈന്യം ബലാല്‍സംഗം ചെയ്ത കശ്മീരികളുടെ എണ്ണം 5000 ത്തിന് മുകളില്‍ വരും. ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ കണക്ക് പ്രകാരം 12% കശ്മീരി യുവതികള്‍ ജീവിത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ്.
പട്ടാളം ബലാല്‍സംഗ ഭീതി വിതക്കാനുപയോഗിക്കുന്ന ടൂളാണവിടെ.താഴ്‌വരയിലെ 56% സ്ത്രീകള്‍ ഒരു പട്ടാള ബലാല്‍സംഗ കഥയെങ്കിലും അറിയുന്നവരാണെന്നത് പട്ടാളം ഉദ്ദേശിച്ച ഭയപ്പെടുത്തി കീഴ്‌പ്പെടുത്തലെന്ന ഉദ്ദേശത്തിന്റെ വിജയമാണ്. വീട്ടിലെ സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാവുമെന്ന പേടി കാരണം ജനം അടങ്ങി ഇരിക്കുമെന്നാണ് സ്ട്രാറ്റജി.

 

പട്ടാളം കാശ്മീരിലെ മുസ്‌ലിംങ്ങള്‍ക്കെതിരായി നടപ്പിലാക്കി വരുന്ന ഏകദേശം ഇതേ തന്ത്രം തന്നെയാണ് കാശ്മീരിലെ ബ്രാഹ്മണ ഹിന്ദുക്കളും ശ്രമിക്കുന്നത്. എട്ടുവയസായ പിഞ്ചു കുഞ്ഞിനെ രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് മൂന്ന് തവണയാണ് കൂട്ട ബലാല്‍സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകളൊക്കെ നടത്തിയിരുന്നുവെന്നാണ് കുറ്റപത്രം.. സംഘപരിവാരം ഉദ്ധേശിക്കുന്ന ഹൈന്ദവ രാഷ്ട്രത്തില്‍ ഹൈന്ദവ ഐഡിയോളജിയുടെ ഇംപ്ലിമെന്റേഷനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന കൊലപാതകം. സംഘപരിവാര്‍ ഫാസിസം അതിന്റെ രാഷ്ട്രീയ, ക്രിമിനല്‍, പ്രത്യാശാസ്ത്ര കൈകള്‍ ഉപയോഗിച്ച് ഈ അടുത്ത കാലത്ത് ഇങ്ങിനെ ഒരു കൊലപാതകം നടത്തിയിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. ഏത് വീക്ഷണ കോണില്‍ നിന്ന് നോക്കിയാലും ഫാസിസ്റ്റെന്ന് വിളിക്കാവുന്ന ഒന്ന്.

എന്തിനിത് ചെയ്തതെന്ന ചോദ്യത്തിനാണ് മുകളില്‍ പറഞ്ഞ സൈന്യം കാശ്മീരിലെ മുസ്‌ലിംങ്ങളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുന്ന ബലാല്‍സംഗമെന്ന ടൂള്‍ സവര്‍ണ ഫാസിസ്റ്റുകളും ഉപയോഗിക്കുന്നു എന്നാണ് ഉത്തരം. ജമ്മു പട്ടണത്തിന് അടുത്ത കത്‌വയിലെ രസന എന്ന ഗ്രാമത്തിലെ മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന സവര്‍ണ ഫാസിസ്റ്റുകളുടെ തന്ത്രമായിരുന്നത്രേ ഒരു പിഞ്ചു പൈതലിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നത്. പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി. മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടനകള്‍ ദേശീയ പതാകയുമേന്തി പ്രകടനം നടത്തുകയാണ്..

ഒരു ഭാഗത്ത് സൈന്യം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും യുവാക്കളെ പിടിച്ചു കൊണ്ടുപോയി കൊല്ലുകയും ചെയ്യുന്നു. മറുഭാഗത്ത് തീവ്രവാദികള്‍ കുറേ സാധുക്കളുടെ നെഞ്ച് തുളക്കുന്നു ബാക്കിയുള്ളവരെ സവര്‍ണ ഫാസിസ്റ്റുകള്‍ ബലാല്‍സംഗം ചെയ്തും കൊന്നും ഇല്ലാതാക്കുന്നു. കശ്മീരില്‍ ജനിച്ചു എന്നും മുസ്‌ലിംങ്ങളാണ് എന്നതും മാത്രമാണ് അവര്‍ ചെയ്ത തെറ്റ്. ഇന്ത്യയില്‍ കശ്മീരിലെ മുസ്‌ലിംങ്ങളെ പോലെ ഭാഗ്യം കെട്ട ഒരു ജനതയില്ല.