Entertainment
ആ മോഹൻലാൽ ചിത്രമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്: സുധി കോപ്പ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 02, 11:40 am
Saturday, 2nd November 2024, 5:10 pm

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് കടന്ന് വന്ന നടനാണ് സുധി കോപ്പ. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ സുധിക്ക് കഴിഞ്ഞിരുന്നു. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ സോമൻ, ആമേനിലെ കഥാപാത്രം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ അയ്യപ്പൻ എന്ന കഥാപാത്രം തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ സുധി കോപ്പയുടെ വേഷങ്ങളാണ്.

എന്നാൽ തന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയ കഥാപാത്രം സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ വേഷമാണെന്നും അതിനെയാണ് തന്റെ ആദ്യ സിനിമയായി താൻ കാണുന്നതെന്നും സുധി പറയുന്നു.

മുമ്പ് ചില സിനിമകളിൽ പാസിങ് സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ഏറ്റവും വലിയ റോളായി കാണുന്നത് ആ വേഷമാണെന്നും സുധി പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമ സാഗർ ഏലിയാസ് ജാക്കിയാണ്. അതിനകത്ത് ഡയലോഗുള്ള ഒരു ചെറിയ കഥാപാത്രമാണ്. അതിന് മുമ്പ് ചില സിനിമകളിൽ ഞാൻ വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ പാസിങ് ഷോട്ടുകളായിരുന്നു.

എന്നെ സംബന്ധിച്ച് അത് വലിയ റോളായിരുന്നു അന്ന്. 2008ലാണ് അത് ഇറങ്ങുന്നത്. ആ വേഷം കൊണ്ടാണ് എനിക്ക് അടുത്ത സിനിമ ലഭിക്കുന്നത്. എന്റെ ഏറ്റവും വലിയ റോളിൽ ഒന്നായി തന്നെയാണ് അതിനെ കാണുന്നത്.

അതുകാരണം ജീത്തു ജോസഫിന്റെ മമ്മി ആൻഡ്‌ മീ എന്നൊരു സിനിമയിൽ അവസരം കിട്ടി. ആമേനിൽ നല്ലൊരു ക്യാരക്ടർ ആദ്യമായി കിട്ടി. അത് കണ്ടിട്ടാണ് സപ്തമശ്രീ തസ്‌കരയിലേക്കും ചാൻസ് കിട്ടുന്നത്.

ഓരോ തവണ പറയുമ്പോഴും ഞാൻ ഓരോ കഥാപാത്രങ്ങളെ കുറിച്ചാണ് പറയുന്നത്. അതൊക്കെ വിട്ടിട്ട്, ഞാൻ ഇപ്പോൾ അഭിനയിച്ചതാണ് ഏറ്റവും നല്ലതെന്ന് പറയാൻ പറ്റുമോയെന്ന് എനിക്കറിയില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സാഗർ ഏലിയാസ് ജാക്കിയിലെ കഥാപാത്രം തന്നെയാണ്,’സുധി കോപ്പ പറയുന്നു.

Content Highlight: Sudhi Koppa About Sagar Alias  Jacky Movie