മികച്ച സിനിമകളിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട സംവിധായകയായി മാറിയ വ്യക്തിയാണ് സുധ കൊങ്കാര. സൂരരൈ പോട്ര് എന്ന സിനിമയിലൂടെ സംവിധായിക എന്ന നിലയില്‍ സുധ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത പാവ കഥൈകളിലെ തങ്കം എന്ന സനിമയാണ് സുധയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
സൂരരൈ പോട്ര് എന്ന സിനിമയില്‍ സൂര്യയുടെ കഥാപാത്രം ഭാര്യയായ ബോമ്മിയില്‍ നിന്ന് പണം ചോദിക്കുന്ന സീന്‍ തന്റെ സംവിധായക ടീമില്‍ പലര്‍ക്കും ഇഷ്ടമല്ലായിരുന്നു എന്ന കാര്യത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സുധ കൊങ്കാര.
‘ഓപണ്‍ പണ്ണാ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഭിമുഖത്തില്‍ സുധയ്‌ക്കൊപ്പം തന്റെ കൂടെ വിവിധ സിനിമകളില്‍ ഒപ്പം നിന്ന അസിസ്റ്റന്‍ ഡയറക്ടര്‍മാരും ഉണ്ടായിരുന്നു.
സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ തന്റെ ടീമില്‍ പലതരത്തിലുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് സുധ പറയുന്നത്.
‘ഞങ്ങള്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ജെന്‍ഡറും ക്ലാസും ജാതിയും പ്രാതിനിധ്യവും ഒക്കെ പ്രശ്‌നങ്ങളായുള്ള ആളുകളുണ്ടായിരുന്നു. പല കാര്യങ്ങളിലും അവര്‍ സെന്‍സിറ്റീവ് ആയിരുന്നു. ഉദാഹരണത്തിന് സൂര്യ ഭാര്യയോട് കാശ് ചോദിക്കുന്ന സീന്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല,’ സുധ പറയുന്നു.
‘സൂര്യയെ പോലൊരു വലിയ ഹീറോ വന്ന് ഒരു സ്ത്രീയോട് പണം ചോദിക്കുകയോ’ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.
അതാരായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഇക്കൂട്ടത്തില്‍ ആരും ഇല്ലായിരുന്നു എന്നായിരുന്നു സുധ മറുപടി പറഞ്ഞത്.
രണ്ട് മൂന്നാളുകള്‍ ഈ സീനിനെ ശക്തമായി എതിര്‍ത്തിരുന്നെന്നാണ് സുധ പറഞ്ഞത്. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ താനിക്കാണിവിടെ പരമാധികാരമെന്നും താനാണിവിടെ സ്വേച്ഛാധിപതിയെന്നും പറയുകയാണ് താന്‍ ചെയ്തതെന്നും സുധ പറഞ്ഞു.
ഭാവിയില്‍ സംവിധായകരായി പോകുന്ന സമയത്ത് മൈക്രോ ലെവലില്‍ നിന്ന് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കഴിയണം. മാക്രോ ലെവലില്‍ ലോകത്തെ മാറ്റണമെന്ന് പറഞ്ഞാല്‍ അതിന് സാധിക്കണമെന്നില്ലെന്നും സുധ പറഞ്ഞു.
എന്നാല്‍ അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നവരായി മാറിയെന്നും പലര്‍ക്കും അവരുടെതായ കഴിവുകളുണ്ടെന്നും സുധ പറയുന്നു. തന്റെ കൂടെയുള്ളവരെ വെറും അസിസ്റ്റന്റ് ഡയരക്ടര്‍മാരായല്ല കാണുന്നതെന്നും ഭാവിയിലെ സംവിധായകരായാണെന്നും സുധ പറഞ്ഞ് വെക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക