Entertainment news
സിനിമ ചെയ്യാന്‍ ഭര്‍ത്താവ് അനുവദിക്കുന്നതല്ല, എന്റെ കഷ്ടപ്പാടാണ്; വൈറലായി സുധ കൊങ്ക്‌രയുടെ വാക്കുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 17, 12:31 pm
Monday, 17th January 2022, 6:01 pm

നമ്മുടെ സമൂഹം സ്ത്രീകളുടെ നേട്ടങ്ങളെ വേണ്ടവിധം അംഗീകരിക്കാന്‍ തയാറാകാറില്ല. പ്രത്യേകിച്ചും അത് വിവാഹം കഴിഞ്ഞ സ്ത്രീകളാവുമ്പോള്‍. അവരുടെ നേട്ടങ്ങളെ പുരുഷന്മാരാല്‍ അടയാളപ്പെടുത്താനുള്ള പ്രവണത എവിടെയും ഉണ്ടാവും.

അതിനെതിരെയുള്ള പ്രഹരമായിരിക്കുകയാണ് സംവിധായിക സുധ കൊങ്ക്‌രയുടെ വാക്കുകള്‍. ഫിലിം കംപാനിയനിലെ സുധയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

‘നിങ്ങളുടെ ഭര്‍ത്താവ് വളരെ നല്ലയാളാണ്. നിങ്ങളെ സിനിമ ചെയ്യാന്‍ അനുവദിക്കുന്നുണ്ടല്ലോ എന്ന് വെങ്കിടേഷ് എപ്പോഴും പറയാറുണ്ട്. അവര് അനുവദിക്കുന്നു എന്ന് പറയുന്നത് എന്തിനാണ്. എന്നെ ആരും അനുവദിക്കുന്നതല്ല. ഇതെന്റെ ആഗ്രഹമാണ്. എന്റെ കഷ്ടപ്പാടാണ്,’ എന്നാണ് സുധ പറഞ്ഞത്.

സമൂഹമാധ്യമങ്ങള്‍ സുധയുടെ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകരായ വിജയ്, നെല്‍സണ്‍ ദിലീപ് കുമാര്‍, അരുണ്‍ മാധേശ്വരന്‍, വെങ്കട് പ്രഭു, സുധ കൊങ്ക്‌ര, വിഗ്നേഷ് ശിവന്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിള്‍ കഴിഞ്ഞ 14നാണ് അപ് ലോഡ് ചെയ്തത്.

ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി സുധ സംവിധാനം ചെയ്ത സൂരരൈ പോട്ര് വാണിജ്യ വിജയം നേടിയതിനൊപ്പം ഇന്ത്യയാകെ തന്നെ ശ്രദ്ധ നേടിയിരുന്നു.

സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്ന് നിര്‍മിച്ച സൂരരൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് ചിത്രം നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു.

ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റാവല്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ജി.വി. പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഐ.എം.ഡി.ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് സുരരൈ പോട്ര്. 9.1 ആണ് ചിത്രത്തിന് ഐ.എം.ഡി.ബിയില്‍ ലഭിച്ച റേറ്റിംഗ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sudha kongra video goes viral