ഖാര്‍ത്തൂം: വംശഹത്യയില്‍ പങ്കുണ്ടെന്നാരോപിച്ച് അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ യു.എ.ഇക്കെതിരെ പരാതി നല്‍കി സുഡാന്‍. യു.എ.ഇക്കെതിരെ നടപടിയെടുക്കണമാവശ്യപ്പെട്ട് സുഡാന്‍ പരാതി സമര്‍പ്പിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥിരീകരിച്ചു.
2023 മുതല്‍ സുഡാന്‍ റിപ്പബ്ലിക്കിലെ മസാലിറ്റ് ഗ്രൂപ്പിനെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട യു.എ.ഇ സര്‍ക്കാര്‍ സ്വീകരിച്ചതും സ്വീകരിച്ചുവരുന്നതുമായ പ്രവൃത്തികളെ ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.
അടിയന്തര നടപടികളെടുക്കണമെന്നും മസാലിറ്റ് ഗ്രൂപ്പിലെ അംഗങ്ങളെ വംശീയമായി കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെടെ വംശഹത്യ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ രണ്ടിന്റെ പരിധിയില്‍പെടുന്ന എല്ലാ നടപടികളും സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
2013 മുതല്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെയും സഖ്യകക്ഷികളായ അറബ് മിലിഷ്യകളുടെയും പിന്തുണയോടെ യു.എ.ഇ വംശഹത്യ, കൊലപാതകം, സ്വത്ത് മോഷ്ടിക്കല്‍, ബലാത്സംഗം, നിര്‍ബന്ധിത സ്ഥലംമാറ്റം, അതിക്രമിച്ചുകയറല്‍, പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍, മനുഷ്യാവകാശ ലംഘനം എന്നിവ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ആളുകളെ കൊല്ലുന്നതും ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതും ഒഴിവാക്കണമെന്നും തങ്ങളെ മനപൂര്‍വം ഉപദ്രവിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും സുഡാന്‍ പറഞ്ഞു.
അതേസമയം റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍സിന് പിന്തുണ നല്‍കുന്നെന്ന ആരോപണം യു.എ.ഇ നിഷേധിക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് നിയമപരമായോ വസ്തുതാപരമായോ യാതൊരു അടിസ്ഥാനമില്ലെന്നും കേസ് തള്ളിക്കളയാന്‍ ശ്രമിക്കുമെന്നും എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023 ഏപ്രിലില്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍സ് സുഡാന്‍ സൈന്യത്തെ വെല്ലുവിളിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയുടെ ആക്രമണം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ദശലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും ചെയ്യാനും കാരണമായിരുന്നു.
Content Highlight: Sudan files complaint against UAE at International Court of Justice, alleging involvement in genocide