ആഗോളതലത്തില്‍ത്തന്നെ സലഫിസ്റ്റ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന സംഭവവികാസമാണിത്. അതേസമയം സിറിയയുടെ വീഴ്ചയോടെ സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യയിലെ കുന്തമുനയായ ഇസ്രാഈലിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രധാനപ്പെട്ട ഒരു എതിരാളി ഇല്ലാതാവുകയാണ്. അങ്ങനെ ഇസ്രാഈലും സാമ്രാജ്യത്വം തന്നെയും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.
സിറിയ എന്ന രാജ്യത്തെ ഇസ്‌ലാമിസ്റ്റ് ഭീകരര്‍ കീഴടക്കുകയാണ്. സലഫിസ്റ്റ് ഭീകരര്‍ സിറിയയുടെ തലസ്ഥാനവും ലോകത്ത് തുടര്‍ച്ചയായി മനുഷ്യവാസമുള്ള ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നുമായ ഡമാസ്‌കസിലെത്തിക്കഴിഞ്ഞു.
അല്‍ ഖ്വയ്ദയുടെ സിറിയന്‍ ബ്രാഞ്ച് ആണ് സിറിയയിലെ മതേതര ഭരണം അട്ടിമറിച്ച് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അവര്‍ പേര് മാറ്റിയിട്ടുണ്ട് ഹയാത് തഹ്‌രീര്‍ അല്‍-ഷാം എന്നാണ് ഇപ്പോഴത്തെ പേര്. എന്നുവച്ച് നിലപാടുകള്‍ മാറിയെന്ന സൂചനയൊന്നുമില്ല.
ഹയാത് തഹ്‌രീര്‍ അല്‍-ഷാം
മതേതര ഭരണം നിലനിന്നിരുന്ന സിറിയയെ തകര്‍ക്കുക എന്നത് ദീര്‍ഘകാലമായി ഇസ്രാഈല്‍ ആഗ്രഹിച്ചിരുന്ന കാര്യമാണ്. ഫലസ്തിനിയന്‍ ചെറുത്തുനില്‍പ്പിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന, 4.38 ലക്ഷം ഫലസ്തിനിയന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന രാജ്യമാണ് സിറിയ. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി സ്ഥിരമായി ഇസ്രാഈല്‍ സിറിയയില്‍ ബോംബാക്രമണം നടത്തുന്നുണ്ടായിരുന്നു.
2011ല്‍ ആരംഭിച്ച യുദ്ധവും സിറിയയ്ക്കെതിരെയുള്ള യു.എസ് ഉപരോധവും സിറിയയെ തളര്‍ത്തി. യുദ്ധവും ഇസ്രാഈലിന്റെ വ്യോമാക്രമണങ്ങളും നിമിത്തം സിറിയന്‍ സൈന്യം ദുര്‍ബലപ്പെട്ടു എന്നും സിറിയയ്ക്ക് സൈനിക പിന്തുണ നല്‍കിയിരുന്ന റഷ്യ ഉക്രെയിനിലെ യുദ്ധം മൂലം കൂടുതല്‍ സൈനിക സഹായം നല്‍കാന്‍ പറ്റുന്ന അവസ്ഥയിലല്ല എന്നും വ്യക്തമായതിനു ശേഷമാണ് ഭീകരവാദികള്‍ ആക്രമണം ആരംഭിച്ചത്.
ഒന്നരദശകത്തോളം നീണ്ട സാമ്രാജ്യത്വ, ഇസ്‌ലാമിസ്റ്റ് നീക്കങ്ങള്‍ 2011 മുതല്‍ യു.എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികളും സൗദി അറേബ്യ നേതൃത്വം നല്‍കുന്ന പശ്ചിമേഷ്യയിലെ പിന്തിരിപ്പന്‍ രാജഭരണകൂടങ്ങളും തുര്‍ക്കിയും സിറിയയ്ക്കെതിരെ യുദ്ധം ആരംഭിച്ചിരുന്നു.
ഭീകരവാദികള്‍ക്ക് പണവും ആയുധങ്ങളും നല്‍കി സിറിയയിലേയ്ക്ക് അയയ്ക്കുകയാണ് ഇവര്‍ ചെയ്തത്. സിറിയയുടെ വലിയൊരു പ്രദേശം ഭീകരര്‍ പിടിച്ചെടുത്തിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തില്‍, റഷ്യയുടെ സഹായത്തോടെ സിറിയ മിക്കവാറും പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. ഏറ്റവും വലിയ നഗരമായ അലെപ്പോ 2016ല്‍ തിരികെ പിടിച്ചത് സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു.
പക്ഷേ വടക്കുകിഴക്കന്‍ സിറിയയില്‍ കുറെ ഭാഗം യു.എസ് (അഥവാ യു.എസ്. പിന്തുണയുള്ള കുര്‍ദിഷ് ശക്തികളുടെ) അധിനിവേശത്തിനു കീഴിലും വടക്ക് കുറെ ഭാഗങ്ങള്‍ തുര്‍ക്കിയുടെ അധിനിവേശത്തിനു കീഴിലും ആയിരുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട ഭീകരര്‍ ഇദ്‌ലിബ് എന്ന പ്രദേശത്ത് തമ്പടിച്ചു. അവിടെ നിന്നാണ് ഇത്തവണ ഭീകരര്‍ ആക്രമണം ആരംഭിച്ചത്.
യു.എസും ഇസ്രാഈലും കൂടാതെ ഇത്തവണ പ്രധാന വില്ലന്‍ വേഷത്തിലുള്ളത് തുര്‍ക്കിയാണ്. കൂടുതല്‍ സിറിയന്‍ പ്രദേശങ്ങളില്‍ അധിനിവേശം നടത്തുക എന്നതാണ് തുര്‍ക്കിയുടെ പ്രസിഡന്റും ഇസ്‌ലാമിസ്റ്റ് നേതാവുമായ റജബ് തയ്യിബ് എര്‍ദോഗാന്‍ ലക്ഷ്യമിടുന്നത്.
റജബ് തയ്യിബ് എര്‍ദോഗാന്‍
ലോകത്ത് പാകിസ്ഥാനും ഷിന്‍ജിയാങ്ങും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള വിദേശ ഭീകരരെ അണിനിരത്തിയാണ് സലഫിസ്റ്റുകള്‍ സിറിയയിലെ മതേതര ഭരണകൂടത്തിനെതിരെ പടനയിച്ചത്. അവര്‍ക്ക് പിന്തുണ ഇസ്രാഈലും യു.എസും!
സലഫിസ്റ്റ് ഭീകര ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ ഇപ്പോഴും ജീവിക്കുന്ന രാജ്യമാണ് സിറിയ. അവരില്‍ നല്ല പങ്കും നാടുവിട്ട് ഓടാനാണ് സാധ്യത.
അലവൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഷിയാ മുസ്‌ലിങ്ങള്‍, ദ്രൂസ് മുതലായ ന്യൂനപക്ഷങ്ങളും കൂടുതല്‍ അരക്ഷിതാവസ്ഥയിലാകും. ആഗോളതലത്തില്‍ത്തന്നെ സലഫിസ്റ്റ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന സംഭവവികാസമാണിത്.
അതേസമയം സിറിയയുടെ വീഴ്ചയോടെ സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യയിലെ കുന്തമുനയായ ഇസ്രാഈലിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രധാനപ്പെട്ട ഒരു എതിരാളി ഇല്ലാതാവുകയാണ്.
അങ്ങനെ ഇസ്രാഈലും സാമ്രാജ്യത്വം തന്നെയും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.
ആഗോളതലത്തില്‍ത്തന്നെ സലഫിസ്റ്റ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന സംഭവവികാസമാണിത്. അതേസമയം സിറിയയുടെ വീഴ്ചയോടെ സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യയിലെ കുന്തമുനയായ ഇസ്രാഈലിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രധാനപ്പെട്ട ഒരു എതിരാളി ഇല്ലാതാവുകയാണ്. അങ്ങനെ ഇസ്രാഈലും സാമ്രാജ്യത്വം തന്നെയും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.
ഒറ്റുകൊടുത്തവര്‍?
ഫലസ്തീനുവേണ്ടി ചെറുവിരല്‍ അനക്കാത്ത തുര്‍ക്കിയും പിന്തിരിപ്പന്‍ ഗള്‍ഫ് രാജഭരണകൂടങ്ങളും ഫലസ്തീനിനെ ഒറ്റുകൊടുത്തിട്ട് പകരം സിറിയയില്‍ സലഫി ഭരണം കൊണ്ടുവരാന്‍ ഇസ്രാഈലിന്റെ പിന്തുണ ഉറപ്പിച്ചു എന്നാണ് മുന്‍ ബ്രിട്ടീഷ് അംബാസഡറായ ക്രെയ്ഗ് മറേ പറയുന്നത്.
ക്രെയ്ഗ് മറേ
2.32 കോടി ജനങ്ങളുണ്ട് സിറിയയില്‍. ലോകമെമ്പാടുമുള്ള ഫലസ്തീന്‍കാര്‍ 1.43 കോടിയാണ്. സിറിയ കുറേക്കൂടി വലിയ രാജ്യവുമാണ്. അപ്പോള്‍പ്പിന്നെ സലഫിസ്റ്റുകള്‍ക്ക് ലാഭം തന്നെ.
ഇന്ത്യയിലെ സലഫിസ്റ്റ് ഇസ്‌ലാമിസ്റ്റുകളുടെ ആചാര്യനായിരുന്ന മൗദൂദി 1947-ല്‍ പ്രസംഗിച്ചിട്ടുണ്ട്, ഇന്ത്യ ഹിന്ദു രാഷ്ട്രമാകട്ടെ, പാക്കിസ്ഥാന്‍ ഇസ്‌ലാമിക രാഷ്ട്രമാകട്ടെ എന്ന്. മറേ പറയുന്നത് ശരിയെങ്കില്‍ ഇതേ മോഡലാണ് തുര്‍ക്കിയും ഗള്‍ഫ് ഭരണകൂടങ്ങളും ആഗ്രഹിക്കുന്നത് എന്ന് കണക്കാക്കാം.
ഇസ്രാഈല്‍ സയണിസ്റ്റ് / യഹൂദ മേധാവിത്വ രാജ്യമാകട്ടെ (ഫലസ്തീന്‍ ഇല്ലാതാകട്ടെ), പകരം സിറിയ സലഫിസ്റ്റ് ഇസ്‌ലാമിസ്റ്റ് രാജ്യമാകട്ടെ എന്ന്.
സിറിയയിലെ മതേതര ഭരണകൂടത്തെ തകര്‍ക്കാനുള്ള ദീര്‍ഘകാലമായുള്ള സാമ്രാജ്യത്വ ശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജഭരണകൂടങ്ങള്‍ അമേരിക്കയുടെ ഉറച്ച സഖ്യകക്ഷികളായിരിക്കെ, സ്വതന്ത്രനിലപാട് കാത്തുസൂക്ഷിച്ച രാജ്യമായിരുന്നു സിറിയ. പശ്ചിമേഷ്യയിലെ ഭരണകൂടങ്ങളില്‍ അറബ് ദേശീയവാദത്തിന്റെ അവസാനത്തെ പ്രതിനിധിയായിരുന്നു സിറിയ.
സാമ്രാജ്യത്വവിരുദ്ധ, സയണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന അറബ് ദേശീയ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കെതിരെ പൊരുതുന്നതിനായി, ഇസ്‌ലാമിസ്റ്റ് ശക്തികളെയും ഭരണകൂടങ്ങളെയുമാണ് അമേരിക്ക പിന്തുണച്ചുപോന്നിട്ടുള്ളത്.
സിറിയയാകട്ടെ, സോഷ്യലിസ്റ്റ് ചേരി നിലനിന്നിരുന്ന കാലത്ത് ആ ചേരിയുമായി ചേര്‍ന്നു നിന്നിരുന്നു. മൊത്തത്തില്‍ നോക്കിയാല്‍, വന്‍കിട അമേരിക്കന്‍ കമ്പനികളുടെ താത്പര്യത്തിന് വേണ്ടത്ര സഹായകമായിരുന്നിട്ടില്ല സിറിയയുടെ നയങ്ങള്‍.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, അമേരിക്ക ഭീഷണിയായി കാണുന്ന ഇറാനിലെ സര്‍ക്കാരുമായിട്ടും സിറിയ അടുപ്പം സ്ഥാപിച്ചിരുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്തെ അറബ് രാജ്യങ്ങളില്‍ ഇറാഖ് ഒഴികെയുള്ളവയിലെല്ലാം നിലനില്‍ക്കുന്നത് സ്വേച്ഛാധിപത്യ രാജഭരണകൂടങ്ങളാണ്.
ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സിറിയ ഒരു പ്രശ്നമാണ്. കാരണം അവരില്‍ നിന്നും വ്യത്യസ്തമായി, സിറിയ ഒരു മതേതര രാഷ്ട്രമാണ്, റിപ്പബ്ലിക്കുമാണ്. സിറിയ ഉയര്‍ത്തിപ്പിടിക്കുന്ന അറബ് ദേശീയത, ആ പ്രദേശത്തെ പിന്തിരിപ്പന്‍ രാജഭരണകൂടങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്നു.
1940കളുടെ അവസാനം മുതല്‍ അറബ് പ്രദേശത്ത് നിലനില്‍ക്കുന്ന ചരിത്രപരമായ പോരാട്ടത്തിന്റെ ഒരു ഭാഗത്ത് പിന്തിരിപ്പന്‍ രാജഭരണകൂടങ്ങളും, മറുഭാഗത്ത് മതേതര, റിപ്പബ്ലിക്കന്‍, സയണിസ്റ്റ് വിരുദ്ധ, രാജഭരണവിരുദ്ധ അറബ് ദേശീയതയുമായിരുന്നു എന്ന് വിഖ്യാത രാഷ്ട്രീയചിന്തകനായ എജാസ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
എജാസ് അഹമ്മദ്
പശ്ചിമേഷ്യയിലെ പ്രമുഖ ഇസ്‌ലാമിസ്റ്റ് സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡ് 1960കള്‍ മുതല്‍ സിറിയയിലെ മതേതര ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ അക്രമാസക്തമായ കലാപങ്ങള്‍ നടത്തിവരുന്നുണ്ടായിരുന്നു. അതിന്റെ തന്നെ തുടര്‍ച്ചയാണ് ഇസ്‌ലാമിസ്റ്റുകള്‍ സാമ്രാജ്യത്വ പിന്തുണയോടെ 2011ല്‍ ആരംഭിച്ച യുദ്ധം.
1980കളില്‍ ഈ ഭീകരര്‍ക്ക് ഇസ്രാഈലും ജോര്‍ദാനും പിന്തുണ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ച ഇപ്പോള്‍ ഇസ്രാഈല്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയിലും ദൃശ്യമാണ്.
2005 മുതല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളെ യു.എസ് ഫണ്ട് ചെയുന്നുണ്ടായിരുന്നു. ഈ ഭീകരസംഘടനകള്‍ക്കുള്ള യു.എസ് സഹായം ഇന്നും തുടരുന്നു. 2011ല്‍ ആരംഭിച്ച യുദ്ധത്തിന്റെ മുന്നണിയില്‍ മുസ്‌ലിം ബ്രദര്‍ഹുഡും അല്‍ ഖ്വയ്ദയും ആയിരുന്നു.
മുസ്‌ലിം ബ്രദര്‍ഹുഡിന്‍റെ പതാക
മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള പണം ഖത്തറില്‍ നിന്നും ഒഴുകിയെത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ്. സൈനികത്താവളം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. 2013ഓടെ യുദ്ധത്തിന്റെ നേതൃത്വത്തിലേയ്ക്ക് ആശയപരമായി മുസ്‌ലിം ബ്രദര്‍ഹുഡിന്റെ തന്നെ സന്തതിയായ അല്‍ ഖ്വയ്ദ ഉയരുകയാണുണ്ടായത്. അല്‍ ഖ്വയ്ദ അംഗങ്ങളില്‍ ധാരാളം പേര്‍ മുസ്‌ലിം ബ്രദര്‍ഹുഡുകാര്‍ തന്നെയായിരുന്നു.
അല്‍ ഖ്വയ്ദയുടെ പതാക
മറ്റൊരു പ്രാദേശികശക്തിയും നാറ്റോ അംഗവുമായ തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റ് ഭരണകൂടവും സിറിയന്‍ സര്‍ക്കാര്‍ നിലംപതിക്കണമെന്നാണ് താത്പര്യപ്പെട്ടത്. തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാന്‍ ദീര്‍ഘകാലമായി മുസ്‌ലിം ബ്രദര്‍ഹുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.
ചരിത്രപരമായി ഇസ്രാഈലിന്റെ എതിരാളിയാണ് സിറിയ. സിറിയയുടെ ഭാഗമായ ഗോലാന്‍ കുന്ന് എന്ന പ്രദേശം ഇസ്രാഈല്‍ കയ്യടക്കിവച്ചിരിക്കുകയുമാണ്. ഫലസ്തിനിയന്‍ ജനതയുമായി അടുത്ത ബന്ധമാണ് സിറിയയ്ക്കുള്ളത്. ഫലസ്തീനിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തിന് സിറിയയുടെ ഐക്യദാര്‍ഢ്യം എന്നുമുണ്ടായിട്ടുണ്ട്.
18 വര്‍ഷം തെക്കന്‍ ലെബനന്‍ കയ്യടക്കിവച്ചിരുന്ന ഇസ്രാഈലിനെ ആ പ്രദേശത്തുനിന്നും തുരത്താനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഹിസ്ബുല്ലയുമായും ഊഷ്മളമായ ബന്ധമാണ് സിറിയയ്ക്കുണ്ടായിരുന്നത്. സിറിയ തകരുമ്പോള്‍ ഇസ്രായേലിന്റെ അയല്‍പക്കത്ത് എതിരാളിയായി ഒരു അറബ് ഭരണകൂടം ഉണ്ടാവില്ല എന്ന അവസ്ഥയാണുണ്ടാകുന്നത്.
ഹിസ്ബുല്ലയുടെ പതാക
അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചിരുന്ന ഭരണകൂടങ്ങള്‍ മറ്റെല്ലായിടത്തും പരാജയമടഞ്ഞു. സിറിയ മാത്രമായിരുന്നു ബാക്കിയുള്ളത്. അതുംകൂടി ഇല്ലാതാക്കാന്‍ സിറിയയില്‍ ”ഭരണകൂടമാറ്റം” (Regime Change) കൊണ്ടുവരാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി, പ്രദേശത്തെ ഇസ്‌ലാമിസ്റ്റ് ഭരണകൂടങ്ങള്‍ പിന്തുണയ്ക്കുന്ന ഭീകരവാദികളെ പണവും, ആയുധങ്ങളും, സൈനികപിന്തുണയും നല്‍കി അമേരിക്ക സഹായിച്ചു.
2011ല്‍ ആരംഭിച്ച യുദ്ധത്തിന്റെ ആദ്യഘട്ടം പൂര്‍ണമായും വിജയത്തിലെത്തിയില്ല. റഷ്യന്‍ സൈനിക സഹായത്തോടെ സിറിയ പിടിച്ചു നിന്നു. എന്നാല്‍ ഹിസ്ബുല്ല ദുര്‍ബലപ്പെടുകയും റഷ്യ ഉക്രെയിനിലെ യുദ്ധത്തിനിടെ മറ്റൊരിടത്തും കൂടി യുദ്ധത്തിനിറങ്ങാന്‍ ബുദ്ധിമുട്ടിലായ അവസ്ഥയിലാവുകയും ചെയ്തതോടെ രണ്ടാംഘട്ട നീക്കങ്ങള്‍ വളരെവേഗം വിജയത്തിലേയ്ക്ക് നീങ്ങി.
സിറിയ ഇസ്‌ലാമിസ്റ്റുകള്‍ കീഴടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ഇസ്രാഈലി ടാങ്കുകള്‍ ഗോലാന്‍ കുന്നും കടന്ന് സിറിയയുടെ മറ്റു പ്രദേശങ്ങളിലേയ്ക്ക് നീങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കുറെ ഭാഗം തുര്‍ക്കി, കുറെ ഭാഗം യു.എസ്, കുറെ ഭാഗം ഇസ്രാഈല്‍ എന്നിങ്ങനെ ഇവരെല്ലാം ചേര്‍ന്ന് സിറിയയെ വെട്ടിമുറിച്ച് പങ്കിട്ടെടുക്കാനാണോ ഉദ്ദേശിക്കുന്നത്?
തുര്‍ക്കിഷ് സൈന്യവും അഥവാ തുര്‍ക്കിഷ് പിന്തുണയുള്ള ഭീകരരും മറ്റു ഭീകരരും തമ്മില്‍ പോരുണ്ടാകുമോ? അവരും ഇസ്രായേലും തമ്മില്‍ ഇപ്പോഴുള്ള നീക്കുപോക്ക് അവസാനിക്കുമോ?
തുര്‍ക്കിഷ് പിന്തുണയുള്ള ഭീകരരും കുര്‍ദിഷ് ഗ്രൂപ്പുകളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ട്; അതിന്റെ പരിണിതഫലം എന്താകും? അങ്ങനെ പലതും കാത്തിരുന്നു തന്നെ കാണണം.
Content Highlight: Subin Dennis writes about developments unfolding in Syria