national news
വിദ്യാര്‍ത്ഥികളെയും കേള്‍ക്കണം; ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ ഏത് ഉത്തരവും പാസാക്കുകയുള്ളൂവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സര്‍വകലാശാല ക്യാമ്പസിനെ കുറിച്ച് ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് ഒമ്പതിന് കെട്ടിടത്തില്‍ നിന്ന് വീണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്വപ്നദിപ് കുണ്ടു മരിച്ച സംഭവത്തിലെ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. റാഗിങ് വിഷയത്തില്‍ സര്‍വകലാശാല നിശബ്ദത കാണിച്ചതാണ് മരണ കാരണമെന്ന് മുതിര്‍ന്ന അഭിഭാഷകനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ കല്യാണ്‍ ബാനര്‍ജി കോടതിയോട് പറഞ്ഞു.
‘ഒരു ആണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് വീണ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ആശുപത്രിയിലെത്തിച്ച വിദ്യാര്‍ത്ഥികളും പരാതി നല്‍കിയില്ല. നാദിയയില്‍ നിന്ന് അവന്റെ മാതാപിതാക്കള്‍ വന്നാണ് പരാതി നല്‍കുന്നത്.
തുടര്‍ന്ന് പൊലീസ് ഹോസ്റ്റലിലേക്ക് പോയ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഗേറ്റ് അടച്ച് അവരെ തടഞ്ഞുവെച്ചു. സ്വപ്നദിപ് കുണ്ടുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന വിവരം ലഭിച്ച പൊലീസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
എന്തുകൊണ്ടാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരാകുന്നത്. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ക്യാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നത്,’ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കേള്‍ക്കണമെന്ന് പറഞ്ഞ കോടതി വിദ്യാര്‍ത്ഥി യൂണിയന്‍ ഉണ്ടെങ്കില്‍ അവരെയും കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു.
2012ല്‍ സര്‍വകവലാശാലയില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും അതിനെ തുടര്‍ന്ന് അന്നത്തെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറെ 53 മണിക്കൂര്‍ തടഞ്ഞുവെച്ചതായും കല്യാണ്‍ ബാനര്‍ജി കോടതിയെ അറിയിച്ചു. ആ വി.സി രാജിവെച്ചുവെന്നും പിന്നീട് വന്ന വി.സിയും രാജി വെച്ചുവെന്നും കല്യാണ്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ 2016 ല്‍ വന്ന പുതിയ വി.സി സി.സി.ടി.വി ക്യാമറകള്‍ നീക്കം ചെയ്യുകയും ആ വര്‍ഷം തന്നെ റാഗിങ്ങ് കാരണം ഒരു വിദ്യാര്‍ത്ഥി മരിച്ചതായും കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ് വിഷയങ്ങള്‍ നിയന്ത്രിക്കാനോ സമാധാനം കൊണ്ടുവരാനോ സാധിക്കുന്നില്ലെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ എസ്.എന്‍ മുഖര്‍ജിയും അഭിപ്രായപ്പെട്ടു.
‘നിര്‍ഭാഗ്യവശാല്‍, സ്ഥാപനങ്ങളില്‍ റാഗിങ് പതിവായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് എഞ്ചിനീയറിങ് കോളേജുകളില്‍. ഈ വിഷയം വിദ്യാര്‍ത്ഥികള്‍ക്ക് തനിയെ നിയന്ത്രിക്കാനോ സമാധാനവും ഐക്യവും ഉറപ്പാക്കാനോ സാധിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സര്‍വകലാശാല സൃഷ്ടിച്ചത് ഒരു ചട്ടപ്രകാരമാണെന്നും അധികാരികള്‍ക്ക് അത് നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും ജാദവ്പൂര്‍ സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞു. കേസ് ഇനി സെപ്റ്റംബര്‍ അഞ്ചിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം സംഭവത്തില്‍ ഇതുവരെ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി പൂര്‍വ വിദ്യാര്‍ത്ഥികളക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
CONTENT HIGHLIGHTS: Students should also be heard; Calcutta High Court on death of Jadavpur University student