national news
ശുചിമുറികള്‍ വൃത്തിയാക്കാന്‍ വിസമ്മതിച്ചു: വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 26, 04:58 am
Thursday, 26th July 2018, 10:28 am

ഖോരക്പൂര്‍: ശുചിമുറികള്‍ വൃത്തിയാക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി വാര്‍ഡന്റെ പ്രതികാരനടപടി. ഖോരക്പൂരിലെ ദിയോറിയയിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെയാണ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി വീട്ടില്‍ പറഞ്ഞുവിട്ടത്.

ശുചിമുറികള്‍ വൃത്തിയാക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ശ്രുതി മിശ്ര നിര്‍ബന്ധിക്കുകയും അതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ശിക്ഷാ നടപടികളുടെ ഭാഗമായി പുറത്താക്കുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥിനികളായ സലീമാന്റെയും നഫ്രീന്റെയും പരാതി. ഹോസ്റ്റലില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ പഠനവും തടസ്സപ്പെട്ടിരിക്കുകയാണ്.

വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ കര്‍ശനമായിത്തന്നെ സ്വീകരിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ അധികാരി സന്തോഷ് ദേവ് പാണ്ഡെ മാധ്യമങ്ങളോടു പറഞ്ഞു. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സലീമാനും ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ നഫ്രീനും റാംപൂരിലെ സാനി പഠിയില്‍ നിന്നുള്ളവരാണ്. കൂലിവേലക്കാരാണ് ഇരുവരുടെയും രക്ഷിതാക്കള്‍.


Also Read: തന്നെ കാണുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ രണ്ടടി പിന്നിലേക്ക് നില്‍ക്കുന്നു; കെട്ടിപ്പിടുത്തത്തില്‍ “ട്രോളുമായി” രാഹുല്‍ ഗാന്ധി


“ശുചിമുറി വൃത്തിയാക്കലും അതുപോലുള്ള മറ്റു ജോലികളും മാഡംജി ഞങ്ങളെക്കൊണ്ടു ചെയ്യിപ്പിക്കാറുണ്ടായിരുന്നു. പഠിക്കാനുണ്ടെന്നു പറയുമ്പോഴെല്ലാം വളരെ മോശമായ ഭാഷയില്‍ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്യും. തീരെ സഹിക്കാന്‍ പറ്റാതായപ്പോഴാണ് ശുചിമുറികള്‍ ഇനി വൃത്തിയാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്.”

“അടുത്ത ദിവസം തന്നെ ഞങ്ങളോടു ഹോസ്റ്റല്‍ വിട്ടു പൊയ്‌ക്കൊള്ളാന്‍ പറയുകയായിരുന്നു. പഠനം നിര്‍ത്തി വീട്ടിലേക്കു പോരേണ്ടി വന്നു.” സലീമാന്‍ മാധ്യമങ്ങളോടു പറഞ്ഞു. പാചകവും വീട്ടുജോലികളും ചെയ്യാന്‍ മറ്റു കുട്ടികളോടും അധ്യാപകര്‍ ആവശ്യപ്പെടാറുണ്ടെന്ന് നഫ്രീന്‍ പറയുന്നു.


Also Read: ഹിന്ദുത്വ നിലനില്‍ക്കണം; ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളെങ്കിലും വേണം: ബി.ജെ.പി എം.എല്‍.എയുടെ വിവാദപ്രസ്താവന വീണ്ടും


“വൈകീട്ടാണ് കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. പിറ്റേന്ന് രാവിലെ അവര്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അത്രയും ദൂരം ഒറ്റയ്ക്കു യാത്ര ചെയ്താണ് കുട്ടികള്‍ വീട്ടിലെത്തിയത്. കുട്ടികളെ നിര്‍ബന്ധമായു സ്‌കൂളിലയ്ക്കാന്‍ സര്‍ക്കാര്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. എന്നാല്‍ ഇത്തരത്തിലുള്ള പെരുമാറ്റമല്ലേ സ്‌കൂളധികൃതരില്‍ നിന്നും ഉണ്ടാകുന്നത്?” നഫ്രീന്റെ മാതാവ് നൂര്‍ജഹാന്‍ ചോദിക്കുന്നു.

ഹോസ്റ്റലില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്നയാളാണ് വാര്‍ഡനായ ശ്രുതി മിശ്ര. കുറ്റവാളികള്‍ക്കതിരെ കര്‍ശനമായ നടപടികള്‍ എടുക്കുമെന്ന് പാണ്ഡേ പറയുന്നു.