Kerala News
പരീക്ഷാ ദിവസം ബസ് പണിമുടക്ക്; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 24, 10:23 am
Thursday, 24th March 2022, 3:53 pm

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. ഇതില്‍ സ്വകാര്യ ബസുകളെ ആശ്രയിച്ച് സ്‌കൂളിലെത്തുന്ന കുട്ടികളെയാണ് പണിമുടക്ക് ബാധിച്ചത്.

ബസ് പണിമുടക്ക് ഉണ്ടായതും പരീക്ഷ മാറ്റിവെക്കാത്തതും കാരണം എല്‍.പി ക്ലാസുകളിലടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പൊരിവെയിലെത്ത് നടന്നാണ് സ്‌കൂളിലേക്ക് പോയത്.

സംഭവത്തില്‍ പ്രതിഷേധവുമായ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ‘മോന് പനിയായത് കാരണം എക്‌സാം അറ്റന്റ് ചെയ്തില്ല. ടീച്ചറെ വിളിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത് പകുതിയിലധികം കുട്ടികള്‍ വരില്ലാന്നാണ്. ഓട്ടോയിലൊന്നും കൊണ്ട് പോയി പരീക്ഷ എഴുതിക്കാന്‍ സാധാരണക്കാര്‍ക്ക് പറ്റില്ല എന്നതാണ് സത്യം,’ എന്നാണ് ഒരു രക്ഷിതാവ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയത്.

‘ഇത് കൊടിയ ക്രൂരതയാണ്. വീട്ടില്‍ ബൈക്കും കാറുമൊന്നുമില്ലാത്ത, സ്‌കൂള്‍ മുറ്റത്ത് കൊണ്ടിറക്കാന്‍ ആരുമില്ലാത്ത മക്കള്‍ ഇന്നെങ്ങനെയായിരിക്കും പരീക്ഷക്ക് പോയിട്ടുണ്ടാവുക,’ എന്നായിരുന്ന മറ്റൊരാളുടെ പ്രതികരണം.

യാത്രാനിരക്കുകള്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതല്‍ കൂട്ടണമെന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നുമാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ജനങ്ങളെ വലയ്ക്കാതെ സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്താകെ 34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നു മുതല്‍ നാലു വരെ വര്‍ക്ക്ഷീറ്റ് മാതൃകയിലാണ് ചോദ്യങ്ങള്‍. 5 മുതല്‍ 9 വരെ ക്‌ളാസുകളില്‍ എസ്.സി.ഇ.ആര്‍.ടിയും എസ്.എസ്.കെയും തയാറാക്കിയ ചോദ്യപേപ്പറാണ്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സി ഉണ്ട്. 8,9 ക്ലാസുകളിലെ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളുമുണ്ട്.

ആദ്യ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങള്‍. 8,9 ക്ലാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെയാണ്. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും. പത്ത്, പ്ലടു പൊതുപരീക്ഷകള്‍ 30ന് ആരംഭിക്കും. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ രണ്ടിന് തുടങ്ങും.

CONTENT HIGHLIGHTS: Students on indefinite strike of private buses in the state