ചെന്നൈ: രാഹുല്‍ ഗാന്ധിയുമായി നേരിട്ടു സംവാദത്തിലേര്‍പ്പെടാനും ചോദ്യങ്ങളുന്നയിക്കാനും അവസരം ലഭിച്ച ആവേശത്തിലാണ് ചെന്നൈ സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥിനികള്‍. വനിതാ സംവരണം, കശ്മീര്‍ പ്രശ്നം, റഫാല്‍ വിവാദം, തീവ്രവാദം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെല്ലാം രാഹുല്‍ ഗാന്ധിയുമായുള്ള സംവാദത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തങ്ങളുടെ ആദ്യവോട്ടു രേഖപ്പെടുത്തുന്നവരും, അല്ലാത്തവരുമായ നിരവധി വിദ്യാര്‍ത്ഥിനികളാണ് രാഹുല്‍ ഗാന്ധിയുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച് രംഗത്തെത്തിയിരിക്കുന്നത്.
“ആദ്യമായാണ് ഞങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്നത്. ഒരു അടിത്തറ എന്ന നിലയ്ക്ക് ഈ പരിപാടിയില്‍ പങ്കെടുത്തതില്‍ നിന്ന്, ആരാണ് തെരഞ്ഞെടുക്കുപ്പെടേണ്ട വ്യക്തി എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്”- വിദ്യാര്‍ത്ഥിനി പറയുന്നു.
രാഹുല്‍ ഗാന്ധി എല്ലാ വിദ്യാര്‍ത്ഥികളേയും കണ്ടതിന്റേയും എല്ലാവരില്‍ നിന്നും ചോദ്യങ്ങള്‍ എടുത്തതിന്റേയും ആശ്ചര്യം പങ്കു വെക്കുകയാണ് മറ്റൊരു വിദ്യാര്‍ത്ഥിനി. ഭാവിയുടെ നേതാവാണ് രാഹുല്‍ എന്ന് തനിക്ക് തോന്നുന്നതായും വീഡിയോയില്‍ അവര്‍ പറയുന്നു.
രാഷ്ട്രീയ കാര്യങ്ങള്‍ അധികം ശ്രദ്ധിക്കാതിരുന്ന തങ്ങള്‍ക്ക്, തങ്ങളെ പ്രതിനിധീകരിക്കാന്‍ പോകുന്ന നേതാക്കളെ അടുത്തറിയണമെന്ന ആഗ്രഹം രാഹുല്‍ ഗാന്ധി സൃഷ്ടിച്ചു എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാതിരുന്നിട്ടും രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ക്ക് എളുപ്പം മനസ്സിലാക്കാനും, ബന്ധപ്പെടുത്താനും കഴിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Also Read ശബരിമല ഹര്‍ത്താലിലെ അക്രമങ്ങള്‍; 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് ഹൈക്കോടതിയില്‍ പൊലീസ്
പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളോടൊപ്പം സെല്‍ഫിയെടുക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി പറയാനും തയ്യാറായി. ചോദ്യങ്ങളെ നേരിടാന്‍ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മടിയെന്നായിരുന്നു രാഹുല്‍ ചോദിച്ചത്.
“നിങ്ങളില്‍ എത്രപേര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു? അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് 3000 സ്ത്രീകള്‍ക്കു മുമ്പില്‍ നിന്ന് അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല?” എന്നായിരുന്നു രാഹുല്‍ ചോദിച്ചത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പാര്‍ലമെന്റിലും, നിയമസഭകളിലും കൂടാതെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.