ന്യൂദല്‍ഹി: വിദേശത്തുള്ള തനിക്ക് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ സഹായം നല്‍കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയ സ്ഥലത്തിനെതിരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയോടാണ് അങ്ങനെ ഒരു സ്ഥലം ഇന്ത്യയിലില്ലെന്ന് പറഞ്ഞ് സുഷമ സഹായം നിരസിച്ചത്. ഒടുവില്‍ വിദ്യാര്‍ത്ഥി പ്രൊഫൈലില്‍ സ്ഥലം തിരുത്തിയതോടെ സഹായം നല്‍കാമെന്ന് വാക്ക് നല്‍കി.
ഷൈഖ് അതിഖ് എന്ന വിദ്യാര്‍ത്ഥിയാണ് ഫിലിപ്പൈനില്‍ നിന്ന് സഹായം തേടി ട്വീറ്റ് ചെയ്തത്. താന്‍ ജമ്മു കാശ്മീരിലെ വിദ്യാര്‍ത്ഥിയാണെന്നും പഠിനാവശ്യത്തിനായി ഫിലിപ്പൈനിലാണെന്നും പരിചയപ്പെടുത്തിയ ഇയാള്‍ തന്റെ പാസ്‌പോര്‍ട്ട് കേടുവന്നതിനെ തുടര്‍ന്ന് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടും ഒരു മാസമായി വിവരമൊന്നുമില്ലെന്നാണ് ട്വീറ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി നാട്ടില്‍ പോവേണ്ടതിനാല്‍ പാസ്‌പോര്‍ട്ട് ശരിയാക്കിത്തരാന്‍ സഹായിക്കണമെന്നും മന്ത്രിയെ മെന്‍ഷന്‍ ചെയ്ത ട്വീറ്റിലുണ്ട്.
എന്നാല്‍ നിങ്ങളുടെ പ്രൊഫൈലില്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നാണ് സ്ഥലം കാണുന്നതെന്നും അങ്ങനെയൊരു സ്ഥലം ഇല്ലെന്നുമായിരുന്നു സുഷമയുടെ പ്രതികരണം. “നിങ്ങള്‍ ജമ്മു കാശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ സഹായിക്കും. പക്ഷേ നിങ്ങളുടെ പ്രൊഫൈലില്‍ കാണുന്നത് നിങ്ങള്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീരില്‍ നിന്നാണെന്നാണ്. അങ്ങനെയൊരു സ്ഥലം ഇല്ല.” – സുഷമ ട്വീറ്റ് ചെയ്തു.
If you are from J&K state, we will definitely help you. But your profile says you are from 'Indian occupied Kashmir'. There is no place like that. @indembmanila https://t.co/Srzo7tfMSx
— Chowkidar Sushma Swaraj (@SushmaSwaraj) May 10, 2018
സുഷമയുടെ മറുപടി വന്നതോടെ അതീഖ് പ്രൊഫൈലിലെ സ്ഥലം തിരുത്തി ജമ്മു കാശ്മീര്‍ എന്നാക്കി. ഇതോടെ വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ മനിലയിലെ ഇന്ത്യന്‍ എംബസിയോട് സുഷമ ആവശ്യപ്പെടുകയും ചെയ്തു.
“നിങ്ങള്‍ പ്രൊഫൈല്‍ തിരുത്തിയതില്‍ സന്തോഷമുണ്ട്. ജയ്ദീപ്, ഇദ്ദേഹം കാശ്മീരില്‍ നിന്നുള്ള ഒരു ഇന്ത്യക്കാരനാണ്. ഇദ്ദേഹത്തെ സഹായിക്കൂ.” – സുഷമ ട്വീറ്റ് ചെയ്തു.