എനിക്ക് മലയാളം അറിയില്ല; ഇവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല; കോളേജില്‍ നിന്ന് പറഞ്ഞിട്ടാണ് പരിപാടിക്ക് വന്നത്; വൈറലായി വീഡിയോ
Kerala News
എനിക്ക് മലയാളം അറിയില്ല; ഇവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല; കോളേജില്‍ നിന്ന് പറഞ്ഞിട്ടാണ് പരിപാടിക്ക് വന്നത്; വൈറലായി വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th April 2023, 11:59 pm

തിരുവനന്തപുരം: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പരിപാടിക്കിടെ വൈറലായി യുവാവിന്റെ വീഡിയോ. എനിക്ക് യുവം പരിപാടിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും കോളേജില്‍ നിന്ന് പറഞ്ഞിട്ടാണ് സമ്മേളനത്തിനെത്തിയതെന്നും പറയുന്ന ആന്ധ്ര സ്വദേശിയായ വര്‍ദ്ധാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോയാണ് സൈബറിടങ്ങളില്‍ പ്രചരിക്കുന്നത്.

സമ്മേളനത്തിനിടെ ന്യൂസ്18 ചാനല്‍ റിപ്പോര്‍ട്ടര്‍ പരിപാടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിദ്യാര്‍ത്ഥിയുടെ പ്രതികരണം. നേരത്തെ യുവം പരിപാടിക്ക് ആളെക്കൂട്ടാന്‍ ബി.ജെ.പി പ്രൊഫഷണല്‍ കോളേജില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളെ കൊണ്ട് വന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

‘നരേന്ദ്രമോദിയെ കാണാനാണ് ഞങ്ങള്‍ വന്നത്. എന്റെ പേര് വര്‍ദ്ധാന്‍ എന്നാണ്. ആന്ധ്ര പ്രദേശ് സ്വദേശിയാണ്. എനിക്ക് മലയാളം അറിയില്ല. സത്യത്തില്‍ ഈ പരിപാടിയെക്കുറിച്ച് എനിക്ക് ധാരണയില്ല. യുവം എന്തിനാണ് നടത്തുന്നതെന്നും അറിയില്ല.

കോളേജില്‍ നിന്ന് ഞങ്ങളെ എല്ലാവരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതാണ്. ഇന്ന് യുവം എന്ന പ്രോഗ്രാമുണ്ട് എല്ലാവരും പങ്കെടുക്കണമെന്ന് പറഞ്ഞാണ് ഞങ്ങളെ കൊണ്ടുവന്നത്,’ എന്നാണ്‌ വിദ്യാര്‍ത്ഥി പറഞ്ഞത്.

നേരത്തെ യുവം പരിപാടിയെ വിമര്‍ശിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. യുവജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കുമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കേവലം മോദിയുടെ തെരഞ്ഞെടുപ്പ് റാലിയായി മാറിയെന്നാണ് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തിയത്. യുവം പരിപാടി മോദിയുടെ മറ്റൊരു മന്‍ കീ ബാത്തായി മാറിയെന്നും സംഘടന  പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ ചായ്‌വില്ലാതെ യുവജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞാണ് ബി.ജെ.പി ‘വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിങ് കേരള-യുവം2023’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങിനെത്തിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള കാര്യങ്ങളാണ് തന്റെ പ്രസംഗത്തിലുടനീളം പറഞ്ഞെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെയും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് മോദി വിമര്‍ശിച്ചത്. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന യുവജനങ്ങളോട് സംവദിക്കാതെ പെട്ടെന്ന് തന്നെ പ്രസംഗം അവസാനിപ്പിച്ച് ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ച്ചക്കായി പോവുകയും ചെയ്തിരുന്നു.

Content Highlight: student video gone viral on social media in yuvam program