'തീരുമാനത്തില്‍ മാറ്റമില്ല, ഞാന്‍ കര്‍ഷകരോടൊപ്പം'; ദല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെ ഗ്രെറ്റ തന്‍ബര്‍ഗ്
national news
'തീരുമാനത്തില്‍ മാറ്റമില്ല, ഞാന്‍ കര്‍ഷകരോടൊപ്പം'; ദല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെ ഗ്രെറ്റ തന്‍ബര്‍ഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2021, 5:10 pm

 

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. താന്‍ എപ്പോഴും കര്‍ഷകരോടൊപ്പം നില്‍ക്കുമെന്നാണ് ഗ്രെറ്റയുടെ പ്രതികരണം.

‘ഞാന്‍ കര്‍ഷകരോടൊപ്പം നില്‍ക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ, ഭീഷണികളോ, മനുഷ്യാവകാശ ലംഘനങ്ങളോ ഈ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. #farmersprotest’, എന്നായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ഗ്രെറ്റ തന്‍ബര്‍ഗനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്‌ക്കെതിരെ കേസെടുത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡി.എന്‍.എയും സീ ന്യൂസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

കര്‍ഷകപ്രതിഷേധത്തില്‍ പോപ് ഗായിക റിഹാന പ്രതികരിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയത്.

പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയെ കുറിച്ചുള്ള സി.എന്‍.എന്‍ വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. ഇന്ത്യയിലെ കര്‍ഷകപ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Still Stand With Farmers Greta Thunberg After Delhi Police Files Case