Sports News
ഏഷ്യ കീഴടക്കിയ ഓസ്‌ട്രേലിയന്‍ നായകന്‍; വെടിച്ചില്ല് റെക്കോഡുമായി സ്റ്റീവ് സ്മിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 07, 10:58 am
Friday, 7th February 2025, 4:28 pm

ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം ഗല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 257 റണ്‍സിനാണ് ലങ്കയെ ഓസീസ് ഓള്‍ ഔട്ട് ചെയ്തത്. നിലവില്‍ ആദ്യ ഇന്നിങ്‌സിലെ രണ്ടാം ദിവസം മത്സരം പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അലക്സ് കാരിയുമാണ് ക്രീസില്‍ തുടരുന്നത്. 194 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 101 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് സ്മിത് കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ തന്റെ 36ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സ്മിത്തിന് സാധിച്ചിരിക്കുകയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരമാകാനാണ് സ്മിത്തിന് സാധിച്ചത്.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരം, ഇന്നിങ്‌സ്, റണ്‍സ്, സെഞ്ച്വറി

സ്റ്റീവ് സ്മിത് – 42 – 1956* – 52.22 – 7

റിക്കി പോണ്ടിങ് – 48 – 1889 – 41.98 – 5

അലന്‍ ബോര്‍ഡര്‍ – 39 – 1799 – 54.52 – 6

മാത്യു ഹൈഡന്‍ – 35 – 1663 – 5.39 – 4

മത്സരത്തില്‍ സ്മിത്തിനൊപ്പമുള്ള അലക്സ് 114 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 92* റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ ആറാം ഓവറിലെ നാലാം പന്തില്‍ നിഷാന്‍ പെരേര പുറത്താക്കിയിരുന്നു. മൂന്ന് ഫോര്‍ അടക്കം 22 പന്തില്‍ നിന്ന് 21 റണ്‍സാണ് താരം നേടിയത്.

പിന്നീട് മൂന്നാമന്‍ മാര്‍നസ് ലബുഷാനെ ഏഴാം ഓവറില്‍ പ്രഭാത് ജയസൂര്യ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി നാല് റണ്‍സിന് പറഞ്ഞയച്ചു. ഓസീസ് ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ ഉസ്മാന്‍ ഖവാജ നിഷാന്‍ പെരിയിസിന്റെയും കുരുക്കില്‍ പെട്ടു. 57 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സാണ് താരം നേടിയത്.

Content Highlight: Steve Smith In Great Record Achievement For Australia