Advertisement
national news
മഹാകുംഭമേളയ്ക്ക് അതിഥിയായെത്തി സ്റ്റീവ് ജോബ്‌സിന്റെ ഭാര്യയായ 'കമല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
21 hours ago
Tuesday, 14th January 2025, 9:47 am
'അവള്‍ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ല. ഞാന്‍ ഒരു ആചാര്യനാണ്, പാരമ്പര്യങ്ങളും അടിസ്ഥാന തത്വങ്ങളും പാലിക്കുന്നതും പെരുമാറ്റം നിലനിര്‍ത്തുന്നതും എന്റെ ജോലിയാണ്. അവള്‍ എന്റെ മകളാണ്. നമ്മുടെ ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച്, കാശി വിശ്വനാഥില്‍, ഹിന്ദുവല്ലാത്ത ഒരാള്‍ക്ക ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ല. അതുകൊണ്ടാണ് ശിവലിംഗത്തെ പുറത്ത് നിന്ന് മാത്രം കാണാന്‍ അവളെ അനുവദിച്ചത്. ഞാന്‍ ഈ പാരമ്പര്യം നിലനിര്‍ത്തിയില്ലെങ്കില്‍, അത് തകര്‍ക്കപ്പെടും,' സ്വാമി കൈലാസാനന്ദ ഗിരി പറഞ്ഞു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍വെച്ച്‌ നടക്കുന്ന മഹാകുംഭമേളയ്ക്ക് പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീഫ് ജോബ്‌സിന്റെ ഭാര്യ ലോറന്‍ പവല്‍ ജോബ്സ്. ആത്മീയ നേതാവ് വ്യാസാനന്ദഗിരി മഹാരാജായുടെ ശിഷ്യയായി ഇന്ത്യയില്‍ എത്തിയ ലോറന്‍ പവല്‍, പൂജയുടെ ഭാഗമായി ഇന്ത്യന്‍ നാമമായ ‘കമല’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ലോറന്‍ പവലിന്റെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനം കൂടിയാണിത്.

നിരഞ്ജനി അഖാരയില്‍ നടന്ന ഒരു ചടങ്ങിനിടെ അവരുടെ ഗുരുവായ വ്യാസാനന്ദഗിരി മഹാരാജ് തന്നെയാണ് ലോറന് കമല എന്ന പേര് നല്‍കിയത്.

‘അവള്‍ ഇവിടെ തന്റെ ഗുരുവിനെ സന്ദര്‍ശിക്കാന്‍ വന്നു. ഞങ്ങള്‍ അവള്‍ക്ക് കമല എന്ന് പേരിട്ടു. ഞങ്ങള്‍ക്ക് ഒരു മകളെപ്പോലെയാണവള്‍. ഇത് രണ്ടാം തവണയാണ് അവള്‍ ഇന്ത്യയിലേക്ക് വരുന്നത്,’ അദ്ദേഹം പറഞ്ഞു.

ജനുവരി 13ന് ആരംഭിച്ച്‌ ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രയാഗ്‌രാജില്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ നദികള്‍ കൂടിച്ചേരുന്ന പോയിന്റായ ‘സംഗമ’ത്തില്‍ മുങ്ങിക്കുളിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായും 17 ദിവസത്തോളം പവല്‍ ജോബ്സ് ഇന്ത്യയില്‍ തങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ലോറന്‍ പവല്‍ ജോബ്സ് ഉത്തര്‍പ്രദേശിലുള്ള പ്രയാഗ്രാജിലുള്ള സ്വാമി കൈലാസാനന്ദ് ഗിരി മഹാരാജിന്റെ ആശ്രമത്തിലെത്തിയിരുന്നു. ഇതിന് പുറമെ അവര്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.

ലോറന്‍ പവല്‍ ജോബ്സിന്റെ കാശി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെക്കുറിച്ച്‌ സംസാരിച്ച സ്വാമി കൈലാസാനന്ദ ഗിരി, അവരെ ശിവലിംഗത്തില്‍ തൊടാന്‍ അനുവദിക്കാത്തതിന്റെ കാരണവും എ.എന്‍.ഐയോട് വ്യക്തമാക്കി.

‘അവള്‍ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ല. അത് വളരെ വ്യക്തമാണ്. ഞാന്‍ ഒരു ആചാര്യനാണ്, പാരമ്പര്യങ്ങളും അടിസ്ഥാന തത്വങ്ങളും പാലിക്കുന്നതും പെരുമാറ്റം നിലനിര്‍ത്തുന്നതും എന്റെ ജോലിയാണ്. അവള്‍ എന്റെ മകളാണ്. ഞങ്ങളുടെ വീട്ടുകാര്‍ എല്ലാവരും അഭിഷേകം ചെയ്ത്‌ പൂജിച്ചു.

അവള്‍ക്ക് പ്രസാദവും മാലയും നല്‍കി. നമ്മുടെ ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച്, കാശി വിശ്വനാഥില്‍, ഹിന്ദുവല്ലാത്ത ഒരാള്‍ക്ക ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ല . അതുകൊണ്ടാണ് ശിവലിംഗത്തെ പുറത്ത് നിന്ന് മാത്രം കാണാന്‍ അവളെ അനുവദിച്ചത്. ഞാന്‍ ഈ പാരമ്പര്യം നിലനിര്‍ത്തിയില്ലെങ്കില്‍, അത് തകര്‍ക്കപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭമേള നടക്കുന്നത്, 45 കോടിയിലധികം ഭക്തര്‍ ഈ പരിപാടിക്കായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാകുംഭ മേളയില്‍, ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമത്തില്‍ പുണ്യസ്‌നാനം നടത്താന്‍ ഭക്തര്‍ ഒത്തുകൂടും. ഫെബ്രുവരി 26നാണ് മഹാകുംഭ മേള  സമാപിക്കുന്നത്.

Content Highlight: Steve Jobs’ wife ‘Kamala’ also came as a guest at the Mahakumbh Mela